Monday, November 26, 2007

നീന്തല്‍ക്കാരന്‍ അനി!!!

രാമേട്ടന്റെ മൂത്തമകന്‍ അനിയും,അനിയന്‍ അരുണിനെപ്പോലെ ഒന്നൊന്നര പുലിയാണ്‌.
ഈ പറയാന്‍ പോകുന്നത്‌ ഗഡീടെ വിശാലമായ ലൈഫില്‍ നിന്നും ചീന്തിയെടുത്ത ഒരേടു മാത്രം...
ഒരു കാലത്ത്‌ സ്ഥിരമായി ലേറ്റ്‌ ഈവനിംഗ്‌ ടൈമില്‍ കല്‍പ്പാത്തിപ്പുഴയില്‍ കുളിക്കാന്‍ പോവുന്ന ഒരു ശീലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഈ ടൈമില്‍ കുളിക്കടവ്‌ വേക്കന്റായിരിക്കും എന്നതു ഞങ്ങള്‍ വാളിപ്പിള്ളേര്‌ടെ ഗ്രൂപ്പിന്‌ വല്യ ഒരു അഡ്വാന്റേജായിരുന്നു. ഈ ഞങ്ങളെന്നു വെച്ചാല്‍ ഞാന്‍,അനി,അനീഷ്‌,സ്മിതേഷ്‌,സുഗുണന്‍.
ചെളിക്കണ്ടത്തില്‍ ഫുള്‍ബോഡി സെര്‍വീസിംഗിനു കിടക്കുന്ന പോത്തുകളെ പോലെ,പുഴയില്‍ കിടന്നിട്ടാണു ഞങ്ങളുടെ ഫ്യൂച്ചര്‍ പ്ലാനിംഗ്സ്‌...
പ്ലാനിംഗ്സ്‌-ന്ന് വെച്ചാല്‍ അങ്ങിനെ കാര്യമായിട്ടൊന്നൂല്ല്യാ ശിവന്‍ കോവിലിനടുത്തുള്ള അംബിസാമീടെ മോള്‌ ശുഭലക്ഷ്മീടെ പുതിയ ഹെയര്‍സ്റ്റെയിലിനെക്കുറിച്ചും,അടുത്തു നടക്കാന്‍ പോകുന്ന ഉത്സവങ്ങള്‍ക്ക്‌ പോകുമ്പോള്‍ കഴിക്കേണ്ട ബ്രാന്റുകളെ കുറിച്ചും ഒക്കെയാണ്‌.
ഒരു ഞായറാഴ്ച അനീഷ്‌ ഒഴികെയുള്ള ഞങ്ങള്‍ നാല്‌വര്‍ സംഘം പതിവു പോലെ കുളിക്കാനിറങ്ങി.
"ടാാാ പൂൂൂൂൂയ്യ്യ്യ്യ്യ്‌"-ന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരമേയുള്ളൂ ശേഖരീപുരത്തു നിന്ന് പുഴക്കടവിലേക്കെങ്കിലും,ബൈക്കില്ലാതെ പോകുന്നതിനെപ്പറ്റി ഞങ്ങള്‍ക്കാലോചിക്കാനേ വയ്യ.
ഒന്നുമില്ലെങ്കിലും കല്‍പ്പാത്തി അഗ്രഹാരത്തിലെ പാവം ക്‌ടാങ്ങള്‍ എന്തു വിചാരിക്കും???
ഞാനും അനിയും കുണ്ടമ്പലത്തിനടുത്തുള്ള കടേന്ന് സിഗററ്റ്‌ വാങ്ങാന്‍ വണ്ടി നിര്‍ത്തി,സ്മിതേഷും,സുഗുണനും വിട്ടു പോവ്വ്വേം ചെയ്തു.
സിഗററ്റൊക്കെ വാങ്ങി കടവിലെത്തിയ ഞങ്ങള്‍ കാണുന്നത്‌ കഴുത്തറ്റം വെള്ളത്തില്‍ കിടന്നു ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്മിതേഷിനേയും,സുഗുണനേയുമാണ്‌...
അനിയുടെ ഉള്ളിലെ ആ നീന്തല്‍ താരം സട കുടഞ്ഞെഴുന്നേറ്റത്‌ പെട്ടെന്നായിരുന്നു.
ഞാന്‍ ബൈക്ക്‌ സ്റ്റാന്റിലിടുന്ന സമയം കൊണ്ട്‌ അനി വന്ദനത്തിലെ ജഗദീഷിനെ പോലെ വെള്ളത്തിലേക്ക്‌ ഡൈവ്‌ ചെയ്തു കഴിഞ്ഞു.
"എന്റമ്മേ........." എന്നൊരു ശബ്ദം കേട്ടത്‌ സെക്കന്റുകള്‍ക്കുള്ളിലാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ പറ്റും.
മുട്ടറ്റംവെള്ളത്തില്‍ നിന്നും മുഖവും,മുട്ടും,പൊട്ടി ചാടിയെണീറ്റ അനി സ്മിതേഷിനേയും,സുഗുണനേയും നോക്കി അലറി:
"കള്ള ഡാഷ്‌ മക്കളേ,വെള്ളത്തില്‍ ചാടണ സമയഠെങ്കിലും പറഞ്ഞൂടേടാാാ വെള്ളത്തില്‍ കുത്തിയിരിക്ക്യാണെന്ന്???"

Friday, November 23, 2007

അര്‍ണോള്‍ഡും ഞാനും!!!

ടീനേജില്‍ എല്ലാവരേം പോലെ മ്മക്കും ഒരു ആഗ്രഹം തോന്നി "ഇനി കൊറച്ച്‌ മസിലൊക്കെ ആയാലെന്താാാാ കൊഴപ്പം-ന്ന്"
ഒട്ടും വൈകീല്യാ ശെല്വ്‌ഏട്ടന്റെ പവര്‍ ജിമ്മില്‌ പോയി ചേര്‍ന്നു.
"സല്‍മാന്‍ഖാന്റെ അത്രേം മസില്‌ വന്നില്ലെങ്കിലും മ്മടെ അര്‍ണോള്‍ഡിന്റെ അത്രയെങ്കിലുമായാല്‍ മതി ശെല്വ്‌ഏട്ടാ"-ന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മൂപ്പര്‌ എന്നെ നോക്കിയ നോട്ടത്തിന്റെ അര്‍ത്ഥം ഇപ്പഴും എനിക്ക്‌ പിടികിട്ടീട്ടില്ല്യ.
കാര്യങ്ങളൊക്കെ അതിന്റെ മുറയ്ക്കു നടക്കുണുണ്ടെങ്കിലും നമ്മള്‌ വിചാരിച്ച ഇംപ്രൂവ്മെന്റൊന്നും കാണണില്യ.
കാരണം ഒരാഴ്ചയായിട്ടും മൂപ്പര്‌ ഫ്രീ എക്സര്‍സൈസില്‌ തന്നെ നിന്ന് കളിക്ക്യാ...ഡംബെല്ല്,ഗദ,വെയിറ്റ്‌ ഇമ്മാതിരി ഐറ്റംസ്‌ ഒന്നും തൊടീക്കിണില്ല്യ...
"ഇങ്ങിനെ പോയാല്‍ ഞാനെന്നാ അര്‍ണോള്‍ഡിന്റെ അത്രേം ആവ്വ്വാ എന്റെ ഹനുമാന്‍ സ്വാമീ"-ന്ന് ആലോചിച്ച്‌ ഞാന്‍ ശെല്വ്‌ഏട്ടനോട്‌ കാര്യം സൂചിപ്പിച്ചെങ്കിലും കിംഫലം.
ഒടുക്കം എന്റെ ശല്യം സഹിക്കാന്‍ വയ്യാതെ
"ശരി നമ്മക്കിന്ന് 'ബെഞ്ച്പ്രെസ്സ്‌' പഠിക്കാം" -ന്ന് പറഞ്ഞത്‌ എനിക്കുള്ള ഒരു പണിയാണെന്ന് എന്റെ ശുദ്‌ധമനസിന്‌ മനസിലായില്ല.
ഞാന്‍ ഏഷ്യാഡിലെ വെയിറ്റ്‌ലിഫ്റ്റേസൊക്കെ പോണ പോലെ അങ്ങ്‌ട്‌ പോയി കെടന്നു.
ദുഷ്ടന്‍ ഒരു വല്യ ഇരുമ്പ്‌ ബാറിന്റെ രണ്ടറ്റത്തും ഏകദേശം എന്റത്രേം വെയിറ്റിട്ട്‌ എന്റെ കയ്യിലേക്കങ്ങ്‌ട്‌ തന്നു.
"എന്റെ കളരി പരമ്പരദൈവങ്ങളേ...."അമ്മച്ചിയാണെ അതൊരു ചെയ്ത്തായിരുന്നൂ-ന്ന് എനിക്കാ സെക്കന്റിലാണ്‌ മനസിലായത്‌....
എന്റെ കണ്ണിന്റെ മുമ്പില്‌ ഈ 'പൊന്നീച്ച....പൊന്നീച്ച എന്നു പറയണ ആ ഐറ്റം ങ്ങനെ പറന്നു നടക്കണ ഒരു ഫീലിംഗ്‌...
ആ ഗ്യാപ്പിലും ഞാനെങ്ങാന്‍ മരിച്ചു പോയാല്‍ എന്റെ അച്ഛനുമമ്മയും അനാഥരാവ്വ്വല്ലോ എന്ന ഒരു ചിന്ത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു
"ഇവനൊരു രക്തസാക്ഷിയാവും-ന്ന് മനസിലാക്കിയ ശെല്വ്‌ഏട്ടന്‍ വേഗം വെയിറ്റ്‌ തിര്‍ച്ചു വാങ്ങിച്ചു.ന്ന്ട്ട്‌ ഒരു ചോദ്യോം:
"വേണെങ്കില്‍ അപ്രത്തും,ഇപ്രത്തും പത്തിന്റെ ഓരോന്ന് കൂടി കേറ്റീട്ട്‌ ഒരു സെറ്റും കൂടി അലക്കടാ???"
സത്യമായിട്ടും എന്റെ കയ്യില്‍ ഒരു തോക്ക്‌ കിട്ടിയിരുന്നെങ്കില്‍ കാലമാടന്റെ പണി അന്ന് തീര്‍ത്തേനേ...മദര്‍ പ്രോമിസ്‌!!!

Thursday, November 22, 2007

വൈത്തിരിയിലെ "ഡിങ്കന്‍"!!!

ഊര്‌ ചുറ്റുന്ന സ്വഭാവം കലശലായിട്ട്ള്ളതു കാരണം,ഇടയ്ക്കൊക്കെ ഞാന്‍ സാജന്റെ കൂടെ വൈത്തിരിയിലെ അവന്റെ വീട്ടില്‍ പോവാറുണ്ട്‌.
അങ്ങിനെ ഒരിയ്ക്കല്‍ ചെന്ന്‌പെട്ടപ്പഴാണ്‌ അവിടെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം.ഞാന്‍ നേരത്തെ പറഞ്ഞിട്ട്ള്ളതു പോലെ,ചെണ്ടപ്പുറത്ത്‌ കോലു വെയ്ക്കും മുമ്പെ ആ ഏരിയേല്‌ ണ്ടാവ്വ്വാ-ന്ന്ള്ളത്‌ ഒരു ഹാബിറ്റ്‌ ആയതോണ്ട്‌ നമ്മളവിടെ എത്തി.
എഴുന്നള്ളത്തൊക്കെ നല്ല ഉഷാറായിട്ട്‌ കഴിഞ്ഞു.ഞാനും സാജനും കല്‍പ്പറ്റ പങ്കജ്‌ ബാറീന്ന് രണ്ടെണ്ണം വിട്ട്‌ വന്ന് കിടന്നുറങ്ങി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ സത്യമായിട്ടും എനിക്കറിയില്ലായിരുന്നു "നാളെ ഞാനൊരു പ്രസ്ഥാനത്തിനെ പരിചയപ്പെടും-ന്ന്."
പിറ്റേന്ന് നേരം വെളുത്തപ്പഴേ ഇറങ്ങി,ഊരുതെണ്ടാന്‍.
ഫ്രാന്‍സിസ്സേട്ടന്റെ ചായക്കടേടെ മുമ്പില്‍ എത്തിയപ്പോള്‍ സാജന്‍ ഓടി ചായക്കടേല്‍ കേറി ഒരു ചായ അങ്ങ്‌ട്‌ വാങ്ങി.
"ദുഷ്ടന്‍...ഒറ്റയ്ക്ക്‌ ചായ കുടിക്ക്യാ???വയറെളകി പണ്ടാറടങ്ങട്ടെ"-ന്ന് പ്രാകാന്‍ തുടങ്ങിയപ്പോ-ണ്ട്‌ ദേ ശവി വേറൊരു ടീമിന്‌ ചായഗ്ലാസ്സ്‌ കൈമാറ്‌ണൂ.ഒപ്പം ഒരു ഡയലോഗും:
"പാപ്പച്ചന്‍ ചേട്ടാ,ചായ ചൂടായിട്ടങ്ങ്‌ട്‌ കുടിക്ക്‌"
ഹൗ എന്തൊരു സ്നേഹം!!!
ഒരേ പായേല്‌ക്കെടന്ന്,ഒരേ ഗ്ലാസില്‍ വെള്ളമടിച്ച്‌,ഒരേ സിഗററ്റ്‌ ഷെയര്‍ ചെയ്ത്‌ വലിക്കണ എന്നോട്‌ "വേണെങ്കില്‍ എടുത്തു മോന്തെടാ"-ന്നേ പിശാശ്‌ പറയാറ്‌ള്ളൂ...
ഇനി ഇയാള്‍-ടെ മോളെയെങ്ങാനും കുരിപ്പ്‌ ലൈനടിക്ക്‌ണ്ടോ ആവോ?
ഞാനും ഒരു 'വെള്ളം കമ്മി,സ്ട്രോങ്ങ്‌' വാങ്ങി അടുത്തിരുന്നു.
"ന്ന്‌ട്ട്‌...ഉത്സവൊക്കെ എങ്ങനെ-ണ്ടായിര്‌ന്നു???"
പാപ്പച്ചന്‍ ചേട്ടന്‍ ഫുള്‍ടാങ്ക്‌ ഡീസലടിച്ച 407 പോലെ ഉഷാറായി.
"എന്റെ മോനേ ഒന്നും പറയണ്ടടാ.ഇന്നലെ എഴുന്നള്ളിപ്പിന്റെ ഒപ്പം ങ്ങനെ നടന്നോണ്ടിരിക്ക്യാ.പിള്ളേര്‍ക്ക്‌ കൊടുക്കാന്‍ കൊറച്ച്‌ കരിമ്പ്‌ വാങ്ങീട്ട്‌ണ്ട്‌.പഴയവൈത്തിരി എത്തിയതും കയ്യിലെ കരിമ്പ്‌ ആരോ പിടിച്ച്‌ വലിക്ക്‌ണൂന്നേ...
ഞാന്‍ മെല്ലെ തിരിഞ്ഞു നോക്ക്യപ്പോ എഴുന്നള്ളത്തിനു കൊണ്ടു വന്ന ആന...ഞാന്‍ പിടിയങ്ങ്‌ട്‌ മുറുക്ക്യപ്പോ ആന വലിക്കണ ആയോം കൂട്ടി.കൊറച്ച്‌ നേരം ഇതങ്ങ്‌ട്‌ നടന്നൂ.പിന്നെ ആന കരിമ്പങ്ങ്‌ട്‌ വലിച്ചപ്പോ ഞാന്‍ കരിമ്പങ്ങ്‌ട്‌ വിട്ടു"
വളരെ നാടകീയമായ ഒരു ബ്രേക്ക്‌.
"ന്ന്‌ട്ട്‌??" ഞാന്‍ അറിയാതെ ചോദിച്ചു പോയി.
മൂപ്പര്‌ എന്നെ 'ലവനാരെടേയ്‌'-ന്ന്‌ള്ള മട്ടിലൊരു നോട്ടം.
"ന്ന്‌ട്ടെന്താവാനാ???ആന ചന്തീം കുത്തി വീണു"
ഞാന്‍ ബാലമംഗളത്തിലെ 'ഡിങ്കനെ' നേരില്‍ കണ്ട പോലെ അന്തം വിട്ട്‌ നോക്കി നിന്നു

Wednesday, November 21, 2007

ക്ലാസ്‌ മേറ്റ്‌സ്‌

അതൊക്കെ നമ്മള്‌ പഠിച്ചിരുന്ന കാലത്തെ കോളേജാണ്‌ കോയാ ... കോളേജ്‌.
ഇപ്പോ എന്തര്‌ കാളേജ്‌???ഒരുമാതിരി എല്‍.പി സ്കൂല്‌ പോലെ.പ്രീ-ഡിഗ്രീം ഇല്ല്യാ,രാഷ്ട്രീയോം ഇല്ല്യ,അതുകൊണ്ട്‌ തന്നെ സമരങ്ങളും നഹി നഹി...അസൈന്‍മന്റ്‌ -ന്നൊക്കെ പുതിയ കലാപരിപാടികളും തൊടങ്ങീന്ന് കേട്ടു...
കഷ്ടം....
ശരി...ബാക്ക്‌ ടു ദ ടോപിക്ക്‌.
അന്നത്തെക്കാലത്ത്‌ ഒരു കോളേജുകുമാരനായിരിക്കാനുള്ള മിനിമം യോഗ്യത ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വര്‍ക്ക്‌ ചെയ്യുക എന്നതാണ്‌ എന്നുള്ളതുകൊണ്ടും,ക്ലാസ്‌ കട്ട്‌ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് മനസിലാക്കിയത്‌ കൊണ്ടും ഞാനും ഒരു രാഷ്ട്രീയക്കാരനായി!
സഹജവാസന കൊണ്ടാവും പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴേ കോളേജിലും,ചുറ്റുവട്ടത്തും നമ്മക്ക്‌ അത്യാവശ്യം പേരുമായി.
ജീവിതം അങ്ങിനെ സ്മൂത്തായിട്ട്‌ പോകുന്ന കാലം.
പത്തനംതിട്ടയിലെവിടെയോ ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ പിറ്റേന്ന്...
നമ്മടെ രാഷ്ട്രീയ ബുദ്‌ധിജീവികള്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ നേതാവിന്റെ തന്തയ്ക്ക്‌ പറഞ്ഞോണ്ട്‌ള്ള മുദ്രാവാക്യം എഴുതിക്കൊണ്ടിരിക്കണ ശുഭമുഹൂര്‍ത്തം.ഒമ്പത്‌ മണിക്കു ബെല്ലടിച്ചാല്‍,മറുബെല്ലടിച്ച്‌ സ്ട്രൈക്ക്‌ വിളിക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ അക്ഷമയോടെ വെയിറ്റ്‌ ചെയ്യുന്നു.
പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും ഉല്ലാസും വെറുതെ ഓഫീസിന്റേം,വിമണ്‍സ്‌ റൂമിന്റേം ഇടേല്‌ള്ള ബാല്‍ക്കണീല്‍ നിന്ന് ക്‌ടാങ്ങള്‍ടെ ചോര കുടിച്ചോണ്ടിരിക്ക്യായിര്‌ന്നു.
നല്ല ടിപ്പായിട്ട്‌ ഡ്രസ്സ്‌ ചെയ്ത ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നിട്ട്‌ ചിരിച്ചു.ഇതു വരെ കോളേജില്‍ കാണാത്ത ഒരാള്‍.
"ഓാാാ" ഞങ്ങളും ചിരിച്ചു.
"ഇന്ന് പഠിപ്പുമുടക്കാണല്ലേ???"
എന്തൊരു സ്നേഹത്തോടെയുള്ള ചോദ്യം.
അതേല്ലൊ ചേട്ടാ."
"അടി നടക്ക്വോ??"
"ങേ....."എന്തോാാാാാാാ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ണ്ടല്ലോ
"പിന്നേ....ഇന്നത്തെ അടിയാണ്‌ ഏട്ടാ അടി...."എന്റെ പിന്നില്‍ നിന്നാണല്ലൊ ആ സൗണ്ട്‌???
ഓ...ഉല്ലാസ്‌.ചെങ്ങായി ഇങ്ങനെ കത്തീക്കേറ്‌ാ...സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന ദേഷ്യം....ക്വയറ്റ്‌ നാച്വറല്‍...
"പൂളിക്കളയും ഡാഷ്‌കളെ...ഇന്നിവ്‌ടെ ഒരു ചോരപ്പുഴ ഒഴുകും"
ഹയ്‌...ഹയ്‌...എന്താ ഡയലോഗ്‌!!!
ഞാന്‍ നമ്മടെ പുതിയ ചേട്ടന്‍ കേള്‍ക്കാതെ "പ്‌ശ്ശ്ശ്ശ്‌...ശ്ശ്ശ്ശ്‌"-ന്നൊക്കെ വെക്ക്‌ണ്ടെങ്കിലും ചുള്ളന്‍ എന്റെ മുഖത്തേ നോക്കുന്നില്ല.
നമ്മടെ പുതിയ ചേട്ടന്‍ ശ്രദ്‌ധിച്ച്‌, തലയാട്ടി കേട്ടുകൊണ്ടിരിക്ക്യാ...
സോറി ഫോര്‍ ദ ഇന്ററപ്ഷന്‍!
ഇനീം ഉല്ലാസിനെ സംസാരിക്കാന്‍ വിട്ടാല്‍ കുഴപ്പമാവും-ന്ന് മനസിലായപ്പോള്‍ ഞാന്‍ കേറി ഇടപെട്ടു.
"അല്ലാ,ചേട്ടനെ മുമ്പിവിടെ കണ്ടിട്ടില്ല്യാല്ലോ???എന്താ പരിപാടീ-ന്ന് പറഞ്ഞില്ലാ???"
"ഓ സ്പെഷല്‍ ബ്രാഞ്ചിലാ" വളരെ കാഷ്വലായ മറുപടി.
"ങേ ???"ഉല്ലാസിന്‌ ശരിക്കങ്ങ്‌ട്‌ മനസ്സിലായില്ല്യാ തോന്ന്‌ണൂ.
"പോലീസില്‌...സ്പെഷല്‍ ബ്രാഞ്ചിലാ-ന്ന്" മൂപ്പര്‌ ഉല്ലാസിന്റെ ഡൗട്ടങ്ങ്‌ട്‌ ക്ലിയര്‍ ചെയ്തതും ആസ്ത്‌മാ രോഗി ഏങ്ങി വലിക്കുന്നതു പോലൊരു ശബ്ദം എന്റെ പിറകില്‍ നിന്നും കേട്ടതും ഏതാാാാണ്ട്‌ ഒരേ സമയത്തായിരുന്നു.
തിരിഞ്ഞു ഉല്ലാസിനെ നോക്കിയപ്പോള്‍ മിടുക്കന്റെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍".
അന്നു മുങ്ങിയ ഉല്ലാസ്‌ 'മന്ത്രിച്ചൂതല്‍,ചരടു ജപിച്ചു കെട്ടല്‍' എന്നീ പ്രോഗ്രാംസിനു ശേഷമാണു റീ-ലാന്റ്‌ ചെയ്തതെന്നാണ്‌ ചിറ്റൂര്‍ കോളേജിലെ പഴം പാട്ടുകാര്‍ പാടി നടക്കുന്നത്‌.

ഒരു നി'വേദന'ത്തിന്റെ കഥ

എന്റെ ഒന്‍പതാം ക്ലാസ്‌ കൊല്ലപ്പരീക്ഷയുടെ റിസള്‍ട്ട്‌ വന്നപ്പോഴാണ്‌ എന്റെ അമ്മ ആ ഞെട്ടിക്കുന്ന തീരുമാനം എല്ലാവരേയും അറിയിച്ചത്‌.
എന്റെ മോനെ ഒരു എഞ്ചിനിയറാക്കണം-ന്നാണ്‌ എന്റെ ആഗ്രഹം.ആക്കും ഞാന്‍"
"ഹെന്റമ്മേ...എന്നാലും ഇത്രയ്ക്കു വേണായിരുന്നോ???"
മാത്‌സും ഞാനുമായുള്ള ഇരിപ്പുവശം എനിക്കും,ജോസഫ്‌ സാറിനും മാത്രമല്ലേ അറിയൂ...
ങൂൂൂം...ഞാന്‍ സമ്മതിക്കൂല്ലാ...എനിക്കു പത്ത്‌ കഴിഞ്ഞ്‌ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ ചേര്‍ന്നാല്‍ മതീ-ന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും
"എഞ്ചിനിയറായില്ലെങ്കില്‍ പച്ചവെള്ളം തരില്ല്യ"-ന്നൊരു ഭീഷണി മുഴക്കിക്കളഞ്ഞു അമ്മ.
"ങാഹാ...അത്രക്കായോ???ഏന്നാപ്പിന്നെ എഞ്ചിനിയറായിട്ടു തന്നെ ബാക്കി കാര്യം"-ന്ന് സമ്മതിക്ക്യല്ലാണ്ട്‌ വേറെ യാതൊരു വഴീം-ണ്ടായിരുന്നില്ല എനിക്ക്‌.
ഇടിവെട്ടിയവന്റെ കയ്യില്‍ കറന്റ്‌ ബില്ല് കിട്ടീന്ന് പറഞ്ഞ പോലെ, മാത്‌സ്‌ റ്റ്യൂഷന്‌ ഗീതടീച്ചര്‍-ടെ അടുക്കലും ഏല്‍പ്പിച്ചു.അമ്മേടെ പഴയ പരിചയക്കാരി.ഒരേ നാട്ടുകാര്‌...ശേഷം ചിന്ത്യം....എന്റെ ലൈഫ്‌ കട്ടപ്പൊക...
കണക്കില്‍ മോശമായ പിള്ളേര്‍ക്ക്‌ അന്നുമിന്നും ടീച്ചര്‍ ഒരു ടെറര്‍ ആണ്‌...
വേറെ പ്രശ്നം ഒന്നൂല്യ...മൂപ്പത്ത്യാര്‌-ടെ കയ്യിലൊരു പേനേണ്ട്‌...പെരുവിരലിന്റെ വണ്ണം,ഫുള്‍ സ്റ്റീലിന്റെ ബോഡി.
കണക്ക്‌ തെറ്റിക്കഴിഞ്ഞാല്‍ കയ്യിന്റെ മണികണ്ഠത്തിനിട്ട്‌ ഒരു അലക്ക്‌-ണ്ട്‌....
ഇത്രേം സീനിയേഴ്സ്‌ പറഞ്ഞു കേട്ട കഥകളായിരുന്നു.
റ്റ്യൂഷന്‍ തുടങ്ങണ അന്ന് രാവിലെ കുളിച്ച്‌ ചന്ദ്രനഗര്‍ ഗണപതിക്ഷേത്രത്തില്‍ പോയി തൊഴുതു.
തൊഴ്വാ-ന്ന്ള്ളതിനേക്കാളും,കുറി തൊട്വാ-ന്ന്ള്ളതാണ്‌ മെയിന്‍ അജണ്ട.
(ഭക്തീള്ള ടീംസിനെ ടീച്ചര്‍ ചെലപ്പൊ തല്ലീല്ലെങ്കിലൊ???ഒന്നു ട്രൈ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലല്ലോ?)
എന്റെ ചുമന്ന ബി.എസ്‌.എ.എസ്സെല്ലാര്‍ ചവിട്ടി റ്റ്യൂഷന്‍ സെന്ററിന്റെ മുന്നിലെത്ത്യപ്പഴക്കും ഗഡികള്‌ ഹാജര്‌ണ്ട്‌..
വിപിന്‍,സജി,ജയസൂര്യ...ഇതിനെക്കാളും മൊക്കെ സന്തോഷം തോന്നിയത്‌, അവിടെ കൂടിയ പെണ്‍പ്രജകളെക്കണ്ടപ്പഴാണ്‌...
കാണിക്കമാതയിലെ മിന്നും താരങ്ങള്‍...
ഇതു വരെ മഞ്ഞ പെയ്ന്റടിച്ച ബസ്സിനു പുറത്ത്‌ നിന്നു മാത്രം കണ്ടുകൊണ്ടിരുന്ന 'ജാട ടീമുകള്‍' എന്റൊപ്പം...ഒരേ ബെഞ്ചില്‍....
ഹോ..എനിക്ക്‌ വയ്യ....
ചിരീം തമാശേം ഒക്കെയായിട്ട്‌ ഒരാഴ്ച പോയി...പിന്നെയാണ്‌ പ്രശ്നങ്ങള്‍ തുടങ്ങുന്നത്‌...
വലുതായിട്ടൊന്നൂല്യാ....
ഈ Tan തീറ്റ,Cos തീറ്റ,ലോഗരിതം...എല്ലാം കൂടെ ഒരു...രു...കണ്‍ഫ്‌യൂഷന്‍.
സ്റ്റീല്‍ പ്ലേറ്റ്‌ നിലത്ത്‌ വീഴണ സൗണ്ടില്‍ ആദ്യത്തെ അടി വീണു...
സോ സിമ്പിള്‍...ഞാന്‍ കൈ വലിച്ചു...
രണ്ട്‌ മൂന്നു പ്രാവശ്യായപ്പോള്‍ കൂടെ-ള്ള കുരുപ്പ്‌ ക്‌ടാങ്ങള്‌ ചിരി തുടങ്ങി.അതിനിപ്പോ ആണ്‍-പെണ്‍ വ്യത്യാസോന്നൂല്യ...എല്ലാം കണക്കാണ്‌....
ടീച്ചര്‍-ടെ ബി.പി അതിനനുസരിച്ച്‌ കൂടാന്‍ തുടങ്ങി.
വലത്തേ കൈയ്യങ്ങ്‌ട്‌ പിടിച്ചു വെച്ച്‌ പെരിങ്ങോട്‌ സ്കൂളിലെ കുട്ട്യോള്‌ തായമ്പക പ്രാക്റ്റീസ്‌ ചെയ്യണ സ്റ്റയിലില്‌ ഒരു നാലഞ്ചെണ്ണം....
"ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ്‌...ഇതാണ്‌" എന്നെനിക്ക്‌ ആ നിമിഷം പറയാന്‍ തോന്നി.
അടിയുടെ വേദനയെക്കാള്‍ എനിക്ക്‌ സങ്കടം തോന്നിയത്‌
"പെമ്പിള്ളേര്‌ടെ മുന്നില്‍ വെച്ച്‌ ഞാന്‍ കാറിക്കൂവിയല്ലോ ഈശ്വരാാാാ"-ന്നോര്‍ത്തപ്പഴായിരുന്നു.
പിറ്റേന്ന് രാവിലെ.....
"റ്റ്യൂഷനു പോണ്‍-ല്യേടാ നീയ്യ്‌"-ന്ന് ചോദിച്ച അമ്മയ്ക്ക്‌ നേരെ നാലാക്കി മടക്കിയ ഒരു കടലാസ്‌ ഞാന്‍ നീട്ടി.
ഇവനിതെന്തു പറ്റീ"-ന്നൊരു ആത്മഗതത്തോടെ കടലാസിന്റെ മടക്ക്‌ തുറന്ന അമ്മാ സത്യായിട്ടും ഞെട്ടീന്ന് എനിക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റും.
എഴുതിയതിതായിരുന്നു:
"ഇനി ഈ വീട്ടിലാരെങ്കിലും റ്റ്യൂഷന്റെ കാര്യം മിണ്ടിയാല്‍ അമ്മയാണെ സത്യം ഞാന്‍ നാടു വിട്ടു പോവും"
അമ്മ "എന്നാലും "എന്റെ എഞ്ചിനിയറിംഗ്‌ സ്വപ്നങ്ങള്‍ തകര്‍ത്ത മഹാപാപീ"-ന്ന്ള്ള മട്ടില്‍ എന്നെയൊന്ന് നോക്കി.

P.S: ഇന്ന് അത്യാവശ്യം തെറ്റില്ലാത്തൊരു ഗ്രാഫിക്ക്‌ ഡിസൈനെറായ ശേഷം,ഇടയ്ക്കോര്‍ക്കാറുണ്ട്‌..വളരെക്കുറച്ച്‌ നാളത്തെ ആ റ്റ്യൂഷന്‍ ഇല്ലായിരുന്നെങ്കില്‍,പത്തിലെ കണക്കുപരീക്ഷ കടക്കാന്‍ കുറച്ചു ബുദ്‌ധിമുട്ടേണ്ടി വന്നേനേം

Friday, November 16, 2007

ഒരു മറാഠി കല്യാണം!!!

ഇവിടെ ബാംഗ്ലൂര്‌ ഡിപ്ലോമ ചെയ്തോണ്ടിരിക്കണ സമയം.വല്യമ്മയുടെ വീട്ടില്‍ നിന്നാണ്‌ പഠനം.പഠനോ-ന്ന് ചോദിച്ചാല്‍ അതെ...എന്നാല്‍ ആണോ-ന്ന് ഉറപ്പിച്ചങ്ങ്‌ട്‌ ചോദിച്ചാല്‍ മറുപടി പറയാന്‍ ഒരിത്തിരി സമയം പിടിക്കും...നമ്മക്കെന്തൊക്കെ പണീണ്ട്‌... ഈ പാരന്റ്‌സിന്‌ ഇതൊക്കെ അറിയണ്ട വല്ല കാര്യോണ്ടോ???വെറ്‌തെ പഠി...പഠീ-ന്നങ്ങ്‌ട്‌ പരഞ്ഞാപ്പോരേ???
എക്സാമിന്റെ മുന്നോടിയായി ഉള്ള സ്റ്റഡി ലീവിന്റെ സമയം.
"ടാ...ഒരു കല്യാണം-ണ്ട്‌.നീയും വാ"
ടി.വി യില്‍ വിക്രമിന്റെ 'ദൂള്‍' കാണനിരുന്നപ്പോഴാണ്‌ വല്യമ്മയുടെ ക്ഷണം.മോഹിപ്പിക്കുന്ന ഓഫറാണെന്ന് പറയാമ്പറ്റില്ല...മുമ്പൊരു കന്നടക്കല്യാണത്തിന്റെ ക്ഷീണം ഇനീം മാറീട്ടില്യ.
ഇല നിറച്ച്‌ ഐറ്റംസ്‌ ണ്ടാവുംച്ചാലും കുരുപ്പ്‌ ടീംസ്‌ ചോറ്‌,സാമ്പാര്‍,രസം,പായസം ഇത്യാദികളൊഴിച്ച്‌ ബാക്കിയെല്ലാം ഫ്രീ ഹാന്റ്‌ ആയിട്ടാണ്‌ വെളമ്പ്വാ...കയില്‍,തവി തുടങ്ങിയ ഉപകരണങ്ങളൊന്നും ഉപയോഗിക്കില്ലാന്ന് സാരം.വെളമ്പണ കണ്ടാല്‍ ആഴമുള്ള കിണറ്റും പള്ളേന്ന് താഴോട്ട്‌ നോക്കണ ഒരു ഫീലിങ്ങാ ...കൊടലിങ്ങനെ മറിയും..
ഇതൊക്കെ ഓര്‍ത്ത്‌ ഞാനാ ഓഫര്‍ ഒന്നു നിരസിച്ചെങ്കിലും,
"ടാ,ഇത്‌ കന്നട കല്യാണല്ലെടാ,മറാഠികള്‍ടെയാ"-ന്ന് പറഞ്ഞ്‌ വല്യമ്മ എന്റെ മനസ്‌ മാറ്റാന്‍ ശ്രമിച്ചു.അതും പോരാഞ്ഞ്‌ ഷാഹി കബാബ്‌,മട്ടണ്‍ കുറുമ,ചിക്കന്‍ ടിക്ക തുറ്റങ്ങി ഒരു കൂട്ടം ഐറ്റംസിന്റെ പേരുകളങ്ങ്‌ട്‌ പറഞ്ഞപ്പോ എന്റെയുള്ളിലെ ദുര്‍ബലമനസ്കന്‍ അറിയാതെ കുളിച്ച്‌ റെഡിയായിപ്പോയി.
നല്ല ചുമയുള്ളതു കാരണം ചേച്ചിയുടെ കയ്യീന്ന് കുറച്ച്‌ കഫ്‌ സിറപ്പും വാങ്ങിക്കുടിച്ച്‌ ഞാന്‍ വല്യമ്മേടെ കൂടെ മാലൂര്‍ക്ക്‌ തിരിച്ചു.അവിടെ എത്തുമ്പോ സമയം നട്ടുച്ചയാവാറായി.വിശപ്പ്‌ വയറിന്റുള്ളില്‍ പഞ്ചാരി മേളമടിക്ക്യാ.....കഫ്‌ സിറപ്പും പണിതുടങ്ങിക്കഴിഞ്ഞു...കണ്ണൊക്കെ ഇങ്ങിനെ അടഞ്ഞടഞ്ഞ്‌ പോവ്വ്വാ...
പലതരത്തില്‍ വറുത്തും പൊരിച്ചും വെച്ചിരിക്കുന്ന ആട്ടിങ്കിടാങ്ങളേം,വൈറ്റ്‌ ലഗോണ്‍ ചാത്തന്മാരേം സ്വപ്നം കണ്ട്‌,ആദ്യത്തെ പന്തിക്ക്‌ തന്നെ ഇരിക്ക്യാന്‍ പറ്റ്വോ-ന്നൊക്കെ ആലോചിച്ച്‌ ഞാന്‍ കല്യാണവീട്ടിലേക്ക്‌ നടന്നു.
അവിടെയെത്തി ഓരോ ഗ്ലാസ്‌ നാരങ്ങാവെള്ളം തന്ന് ഒരു മൂലയ്ക്ക്‌ ഇരുത്തിയതല്ലാതെ ആരും നമ്മുടെ മെയിന്‍ അജണ്ടയെപ്പറ്റി വായ തുറക്കുന്നില്ല...ഇനീപ്പൊ ഫുഡ്‌ ഇവിടെയല്ല്ലാ-ന്ന്‌ണ്ടോ ആവോ???
സമയം ഇങ്ങനെ പോവ്വ്വാ...ഒരു ഒന്നൊന്നരയായപ്പോ കല്യാണചെക്കന്റെ ചേട്ടനോട്‌ വല്യമ്മ മെല്ലെ ചോദിച്ചു:
"ധന്‍സിംഗ്‌,ആള്‍ക്കാരെയൊക്കെ കഴിക്കാന്‍ വിളിക്കാറായില്ലേ???"
പാവം വല്യമ്മ,എന്റെ ദയനീയാവസ്ഥ കണ്ട്‌ ചോദിച്ചു പോയതാണ്‌പക്ഷേ അങ്ങോര്‌ പറഞ്ഞ മറുപടി കേട്ട്‌ എന്റെ സപ്തനാഡികളും ഒരു സെക്കന്റ്‌ പണിമുടക്കിലായി....
"ഒരഞ്ച്‌ മിനിട്ട്‌ ചേച്ചി...ഇപ്പ റെഡിയാവും...ആടിനെ വെട്ടാന്‍ കൊണ്ടോയിട്ട്‌ണ്ട്‌..."
ഞാന്‍ ഒരു ഗ്ലാസ്‌ വെള്ളം കിട്ട്വോന്നറിയാന്‍ ചുറ്റും നോക്കി.
ഗുണപാഠം:ആക്രാന്തം കാണിച്ച്‌ ഓഫറുകള്‍ സ്വീകരിക്കുന്നതിനു മുമ്പ്‌ വരും വരായ്കകളെക്കുറിച്ച്‌ ആലോചിക്ക്യ

കളര്‍ബ്ലൈന്റ്‌

അനില്‍,അജിത്ത്‌ എന്ന് പേരുള്ള 2 ചേട്ടാനിയന്‍ പുലികള്‍ ശേഖരീപുരം വാഴും കാലം...2ഉം നല്ല ഗണ്ണ്‍ പുലികളാണേ...കണ്ടാപ്പറയില്ലാ-ന്നേ ള്ളൂ...കഥകള്‍ ഒരുപാടുണ്ടെങ്കിലും സമയക്കുറവു കാരണം ഒരെണ്ണം മാത്രമേ നീട്ടിപ്പരത്തി പറയുന്നുള്ളു.
സംഭവം ചെറുപ്രായത്തിലേ ബൈക്കോടിക്കാന്‍ പഠിച്ചതാണെങ്കിലും അനിലിന്റെ പിന്നാലെയിരിക്കാന്‍ ഞങ്ങള്‍ക്കൊക്കെ ഒരു ധൈര്യക്കുറവുണ്ട്‌(പേടിയൊന്നുമല്ല,ചെറിയൊരു ധൈര്യക്കുറവ്‌)വേറൊന്നുമല്ല,ഗഡി വണ്ടിയോടിക്കുന്നതില്‍ ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്കുണ്ട്‌.
എന്താാാാാാാാന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല...പക്ഷേ എന്തോ -ണ്ട്‌...
ഒരു ഉച്ച നേരം. ഞങ്ങള്‍ പടകള്‍ സൂര്യനു താഴെയുള്ള സകല ജീവജാലങ്ങളേയും വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്‌...(ഈ നരകവാരിധിയില്‍ വന്നു പിറന്നൂ-ന്നൊരു കുറ്റം മാത്രമേ പാവങ്ങള്‍ ചെയ്തിട്ടുള്ളൂ)അപ്പഴാണ്‌ അനിലിന്റെ അനിയന്‍ അജി കൈയ്യിലൊരു കവറും തൂക്കിപ്പിടിച്ച്‌ കഷ്ടപ്പെട്ട്‌ ബൈക്കോടിച്ച്‌ വരുന്നത്‌.
"എന്താടാ കവറില്‌???'അനിലാണ്‌...ചേട്ടനാണെന്നുള്ളാ ഒരു പവറ്‌ കാണിക്കണാമല്ലോ...
"അതേയ്‌,ഒരു ഷര്‍ട്ട്‌ വാങ്ങീതാ"അനിയന്‍ വിനയകുനിയനായി.
"ഇങ്ങ്‌ട്‌ താ...നോക്കട്ടേ"കവറങ്ങ്‌ട്‌ തുറന്നതും അജിയുടെ പെരട്ടയ്ക്ക്‌ (തലയുടെയും കഴുത്തിന്റെയും ഇന്റര്‍സെക്ഷന്‍।പിടലീന്നും പറയും) ഒറ്റയടി.
"ഡാഷ്‌ ഡാഷേ....അച്ഛന്റെ കാശ്‌ കളയാന്‍ വേണ്ടി നടക്ക്വാ .ആ ഷര്‍ട്ടിന്റെ കളറൊന്ന് നോക്ക്യേ...വൃത്തികെട്ട മഞ്ഞ...നീയാരാടാ ടി.രാജേന്ദ്രനോ അതോ രാമരാജനോ??"
ഞങ്ങള്‍ല്ലെല്ലാവരും അന്തംവിട്ടിങ്ങനെ നിക്ക്വാ...കാരണം മഞ്ഞഷര്‍ട്ട്‌-ന്ന് പറഞ്ഞിട്ട്‌ നിലത്ത്‌ കിടക്കണ ആ സാധനം നല്ല ചോക്ലേറ്റ്‌ ബ്രൗണ്‍ കളറുള്ള അടിപൊളിയൊരു ഡണ്‍ഹില്ലിന്റെ ഷര്‍ട്ട്‌...
കഷ്ടപ്പെട്ട്‌,ബുദ്‌ധിമുട്ടി അനിലിനെ പിടിച്ച്‌ മാറ്റിയ ഞങ്ങളോട്‌ കുറേക്കഴിഞ്ഞ്‌ അവനാ രഹസ്യം തുറന്നുപറഞ്ഞു...
"എനിക്ക്‌ കളര്‍ബ്ലൈന്റ്‌നെസ്സാടാ।സിഗ്നലിലൊക്കെ വണ്ടി നിര്‍ത്തുമ്പോള്‍ മുകളില്‍ കത്തുന്നത്‌ ചുവപ്പ്‌,താഴെ കത്തുന്നത്‌ പച്ച...ഇങ്ങിന്യാ വണ്ടിയോടിക്കണത്‌"
ഞങ്ങളെല്ലാവരും ഡ്രൈയായി ഒരു ഡബിള്‍ലാര്‍ജ്ജ്‌ ഒ।സി.ആര്‍ അടിച്ച പോലെ നിക്കുമ്പോള്‍ അടുത്ത പഞ്ച്‌ ഡയലോഗ്‌:
"ഇതൊന്നുമല്ലെടാ...പ്ലസ്‌ ടൂ-ന്‌ കെമിസ്ട്രി പ്രാക്റ്റിക്കല്‍സിന്റെയന്നാണ്‌ ശരിക്കും വെള്ളം കുടിച്ചു പോയത്‌...സാള്‍ട്ട്‌ അനാലിസിസ്‌ ടെസ്റ്റൊക്കെ ഞാന്‍ പാസ്സായത്‌ എങ്ങിന്യാന്ന് ദൈവത്തിനു മാത്രേ അറിയൂ...."

ഇങ്ങിനെയൊക്കെ നടന്നാ മതിയാ...

തോട്ടിങ്ങലെ ജോയ്‌ ആളൊരു പുലിക്കുട്ട്യാണ്‌.
വിക്ടോറിയാ കോളേജിന്റെ പിറകുവശത്തുള്ള കോഴിപ്പെരയുടെ മതിലില്‍ കേറിയിരിക്കുന്ന ചെങ്ങായിമാര്‌ടെ വെളുത്ത ആക്ഷന്‍ ഷൂസിന്റെ ലേസുകള്‍ പരസ്പരം കൂട്ടിക്കെട്ടി വെച്ച്‌,അവര്‍ തല്ലിയലച്ച്‌ വീഴുമ്പോള്‍ കൈ കൊട്ടിച്ചിരിക്കുക,കെമിസ്റ്റ്രി ലാബില്‍ നിന്ന് മെര്‍ക്കുറി അടിച്ച്‌ മാറ്റിയിട്ട്‌ ഡെസ്കിന്റെ മോളിലൊഴിച്ച്‌ അതിങ്ങനെ ഇങ്ങനെ ഉരുണ്ട്‌ വരുന്നത്‌ നോക്കിയിരിക്ക്യാ,ഉച്ചക്ക്‌ 12 മണിക്ക്‌ ഹാരിസ്‌ ഹോട്ടലിന്റെ മുമ്പില്‍ നിന്ന് മോയന്‍സ്‌ സ്കൂള്‍ വിട്ട്‌ വരുന്ന ക്‌ടാങ്ങള്‍-ടെ ചോരയൂറ്റിക്കുടിക്കുക എന്നുള്ളതൊക്കെ ജോയിന്റെ ചെറിയ ചെറിയ വിക്രിയകള്‍ മാത്രം....
എല്ലാ ചെയ്ത്തിനും ഒരു മറുചെയ്ത്തുണ്ടെന്നുള്ളത്‌ ദൈവം യൂസഫ്ക്കാ-ന്റെ രൂപത്തില്‍ ജോയ്‌ക്ക്‌ പ്രൂവ്‌ ചെയ്തു കൊടുത്ത കഥയാണ്‌ കഥ।അതിപ്രകാരമാണ്‌:
എപ്പഴാന്നറിയില്ല,പാമ്പ്‌ കടിക്കാനായിട്ട്‌ (കടപ്പാട്‌:വിശാലമനസ്കന്‍) ജോയിന്റെ വായില്‍ ഒരു ഡയലോഗ്‌ കേറിക്കൂടി
:"കൊച്ചു കള്ളന്‍,ഇങ്ങനെയൊക്കെ ഇരുന്ന മതിയാ???മൂക്കിലൊക്കെ പഞ്ഞി വെക്കണ്ടേ?കാല്‌ രണ്ടും കൂട്ടിക്കെട്ടണ്ടേ...എന്നിങ്ങിനെ പോകും അത്‌।ഈ ഡയലോഗ്‌ അടിച്ചടിച്ച്‌ അവന്‍ നാട്ടുകാരെയൊക്കെ വെറുപ്പിച്ച്‌ നടക്കണ കാലം...
ജെറിയേട്ടന്റെ 'സെന്റ്‌।ജോണ്‍സ്‌ മെഡിക്കല്‍സില്‍" അങ്ങോരേം കത്തിയടിച്ച്‌ വില്‍സിന്റെ പുക മൂക്കില്‍ കൂടി വിട്ടോണ്ട്‌ നിക്കണ ടൈമിലാണ്‌ എക്സ്‌-മിലിട്ടറി യൂസഫ്ക്കാ മൂപ്പര്‌ടെ പഴയ ലാംബി സ്കൂട്ടറില്‍ വരുന്നത്‌.
വഴീല്‍ കൂടിപ്പോണത്‌ രാജവെമ്പാലയാണെങ്കിലും എടുത്ത്‌ തോളില്‍ വെച്ചില്ലെങ്കില്‍ ഒരു മനഃസമാധാനം കിട്ടാത്തതു കൊണ്ട്‌
"യൂസഫ്ക്കാ,ഇങ്ങിനെയൊക്കെ നടന്നാ മതിയാ...മൂക്കിലൊക്കെ പഞ്ഞി വെക്കണ്ടേ"
എന്നൊന്ന് നമ്മടെ ജോയ്‌ അറിയാണ്ട്‌ ചോദിച്ചു പോയി...
അതൊരു തെറ്റാണോ???
ആണെന്ന് യൂസഫ്ക്ക സ്കൂട്ടര്‍ നിര്‍ത്തീട്ട്‌ വരുന്ന വരവു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസിലായി.ഇന്നിവന്റെ കാര്യത്തിലൊരു തീരുമാനമായീന്ന്‌ള്ള അര്‍ത്ഥത്തില്‍ ഞാനും സ്മിജിത്തും ജെറിയേട്ടനും ഓരോ ലുക്ക്‌ കൈ മാറി.ജോയ്‌ക്കും ഉറപ്പായി കാര്യം കൈ വിട്ടു പോയീന്ന്.
യൂസഫ്ക്കാനോട്‌ തല്ലി നിക്കാം എന്നുള്ള ചെറിയ ആഗ്രഹം പോലും വേണ്ടാ-ന്ന്‌ള്ള അര്‍ത്ഥത്തില്‍ ഞാന്‍ ജോയിനെ ഒന്നു നോക്കി.കാരണം വെരി സിമ്പിള്‍...ബീഫിന്റെ തുടക്കഷ്ണം തൂക്കിയിട്ടിരിക്കുമ്മ നല്ല 2 വെടിച്ചില്ല് ബൈസെപ്സിന്റെ ഉടമയാണ്‌ യൂസഫ്ക്ക.നമ്മുടെ വില്ലന്‍ നടന്‍ അബുസലീമിന്റെ ഒരു ശരീരക്കൂറ്‌...കമ്പാരിറ്റീവ്‌ലി ജോയ്‌ വെറും അശു...നരന്ത്‌...."ഒരു ഇരയേ അല്ല" എന്നൊക്കെ വേണമെങ്കില്‍ പറയാം.
യൂസഫ്ക്ക അടുത്തെത്തിക്കഴിഞ്ഞു.ജോയ്‌ 2 കണ്ണും അടച്ച്‌ ഇടത്തെ കവിളത്ത്‌ അടി കൊള്ളാതിരിക്കാന്‍,2 കൈപ്പത്തി കൊണ്ടും മറച്ചുപിടിച്ച്‌ നിന്നു.പാവം അവനറിഞ്ഞോ മൂപ്പര്‌ ഗില്‍ക്രിസ്റ്റിന്റതു പോലുള്ള ഒരു ലെഫ്റ്റ്‌- ഹാന്‍ഡര്‍ ബാറ്റ്സ്‌മാനാണെന്ന്...
പഠേ....ന്ന് പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടതും,ജോയ്‌ കിറുങ്ങി നിലത്തു വീണതും ഒരുമിച്ച്‌ കഴിഞ്ഞു।യൂസഫ്ക്ക ഒന്നും സംഭവിക്കാത്തതു പോലെ ഞങ്ങളെ നോക്കിയൊന്നു ചിരിച്ച്‌ വണ്ടിവിട്ടുപോയി.
പിറ്റേന്ന് മുതല്‍ ഒരാഴ്ച ജോയ്‌ കവിള്‍വീക്കത്തീനു കാരണം മുണ്ടിനീരാണെന്നു പറഞ്ഞിട്ടും വാര്‍ത്ത ലീക്കായതിനു ഉത്തരവാദികള്‍ സത്യമായിട്ടും ഞങ്ങളല്ലാ-ട്ടോ... അമ്മയാണെ സത്യം...

Thursday, November 15, 2007

കടമ്പഴിപ്പുറത്തെ മഞ്ചു വാര്യര്‍

മിക്കവാറും വീക്കെന്റുകളില്‍ ഞാന്‍ സ്മിജിത്തിന്റെയൊപ്പം കടമ്പഴിപ്പുറത്തുള്ള അവന്റെ വീട്ടിലേക്ക്‌ പോവാറുണ്ടായിരുന്നു പണ്ട്‌.അവന്‍ അവന്റെ ചേച്ചിയുടെയും അളിയന്‍ ബേബിയേട്ടന്റെയും ഒപ്പം താമസിച്ച്‌ പഠിച്ചിരുന്ന കാലം.
കടമ്പഴിപ്പുറം നല്ല സ്ഥലമാണ്‌,നല്ല നാട്ടുകാര്‍...അവിടേം കൂട്ടുകാരായി...സ്മിജിത്തിന്റെ വീടിന്റെ എതിര്‍ വശത്ത്‌ ഉള്ള വീട്ടിലെ ഒരു പെണ്‍കുട്ടിയായിട്ടും കമ്പനിയായി.കമ്പനീ-ന്നു വെച്ചാല്‍ വഴീന്നു കാണുമ്പോള്‍ "സുഖല്ലേ? പഠിത്തൊക്കെ എങ്ങിനപോണൂ-ന്നുള്ള ടൈപ്പ്‌ ക്വസ്റ്റ്യന്‍സ്‌ മാത്രം ...
പേര്‌...വേണ്ട...(പാവത്തിന്റെ ലൈഫില്‍ വെറുതെ കോക്ക്രോച്ചിനെ ഇടണോ)നല്ല കുട്ടി.കാണാന്‍ നമ്മടെ മഞ്ചു വാര്യര്‌-ടെ ഒരു ഫേസ്ക്കട്ട്‌...(ആരും തെറ്റിദ്‌ധരിക്കണ്ട ഉള്ള കാര്യം പറഞ്ഞൂ-ന്നേ ഉള്ളൂ)ങാ-ലൈഫ്‌ അങ്ങിനെ മുന്നോട്ടു പോവുന്ന സമയം....ഐതിഹ്യമാലയിലെ വരരുചിയുടെ പന്ത്രണ്ട്‌ മക്കളിലെ യംഗസ്റ്റ്‌ സണ്‍ വായില്യാക്കുന്നിലപ്പന്റെ അമ്പലം കടമ്പഴിപ്പുറത്താണ്‌...
ഒരു ഉത്സവകാലം...
ടൗണീന്ന് ഞങ്ങള്‍ ഫുള്‍ ബറ്റാലിയണ്‍ ബേബിയേട്ടന്റെയും സ്മിതച്ചേച്ചിയുടെയും ഒപ്പം ഹാജരുണ്ട്‌।ഞങ്ങള്‍ പിള്ളേര്‍സെറ്റ്‌,ബേബിയേട്ടന്റെ ഒപ്പം മുകളിലത്തെ മുറിയിലിരുന്നു നല്ല പനംകള്ള്‌ കുടിക്കുന്ന സമയം,പെട്ടെന്ന് മിന്നായം പോലെ ഒരു പച്ചപ്പാവാട റൂമിനു മുന്നില്‍ മിന്നി മാഞ്ഞു...
പിന്നെ കേള്‍ക്കുന്നത്‌ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന സൗണ്ടില്‍ ഒരു കരച്ചില്‍।എല്ലാവരുമോടി പുറത്ത്‌ വന്നു നോക്കിയപ്പോള്‍ നല്ല ഡി.ടി.എസ്‌ സൗണ്ടില്‍ കരഞ്ഞു വിളിക്കുന്ന നമ്മുടെ മഞ്ചു വാര്യര്‍.മാറി മാറി ചോദിച്ചിട്ടും കക്ഷി ഒന്നും അങ്ങ്‌ട്‌ വിട്ടു പറയ്‌ണില്ല്യ
"ങാ-ന്നാപ്പിന്നെ നീ നിന്നങ്ങ്‌ട്‌ കരയ്‌-ട്ടോ കുട്ട്യേ" ന്നും പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത കള്ളു കുടോം തപ്പിപ്പോയി.
ഞങ്ങള്‍ പാലക്കാട്‌ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞു।ഞാന്‍ ബാംഗ്ലൂരുള്ള വല്യമ്മേടെ അങ്ങോട്ട്‌ പുറപ്പെട്ട്‌ കൈയ്യിലൊരു ബാഗുമായി ബേബിയേട്ടന്റെ ക്വാര്‍ടേഴ്സിലെത്തി.(ഇന്നലത്തെ ബാലന്‍സ്‌ ഹണീബീ-ണ്ടെങ്കില്‍ 2 എണ്ണം അടിക്കാം ന്നൊരു ചിന്തയുമില്ലാതില്ല.)
എന്നെ കണ്ടപാടെ ബേബിയേട്ടന്‍ ഒരു ചോദ്യം:"എങ്ങ്‌ട്ടാടാ ഒളിച്ചോടിപ്പോണത്‌?"
ഒളിച്ചോടിപ്പോവ്വ്വേ....ഞാനോ...എന്റെ കൃഷ്ണാ....വീട്ടീന്ന് 3 നേരം സുഭിക്ഷ ഭക്ഷണം,ലാലേട്ടന്റെ പുതിയ പടം റിലീസിംഗ്‌ ഷോയ്ക്ക്‌ തന്നെ കാണല്‍,ബേബിയേട്ടന്റെ കൂടെ ഇടയ്ക്കിടെയുള്ള കള്ളുസഭ-ഇങ്ങിനെയുല്ല ആര്‍ഭാടങ്ങളൊക്കെ ഉപേക്ഷിച്ച്‌ ഞാന്‍ ഒളിച്ചോടിപ്പോവ്വ്വേ
???"എന്താ ബേബിയേട്ടാ കാര്യം???''ഞാന്‍ വളരെ നിഷ്കളങ്കമായി ചോദിച്ചു...എന്താ കാര്യം-ന്ന് അറിയില്ല്യാല്ലോ?
"എത്ര കാലായെടാ നീയും ആ മഞ്ചു വാര്യരും തമ്മിലുള്ള ചുറ്റിക്കളി തൊടങ്ങീട്ട്‌???"
"ദൈ....വ... മേ ചുറ്റിക്കളിയോ "
ഏതു നിരീശ്വരവാദിയുംദൈവത്തെ മനസ്സറിഞ്ഞു വിളിച്ചു പോവുന്ന സുവര്‍ണ്ണ സുരഭില മുഹൂര്‍ത്തം...
"എനിക്കൊന്നും അറിയില്ല ബേബിയേട്ടാ"
"ന്ന്ട്ടാടാ അവള്‍-ടെ തന്ത കള്ളും കുടിച്ച്‌ ടൗണില്‌ള്ള മേനോന്‍ കുട്ടി അയാള്‍-ടെ മോളെ കല്യാണം കഴിക്കും-ന്ന് പറഞ്ഞ്‌ നടക്കുന്നത്‌???"
അവള്‍ എല്ലാ ആഴ്ചയും ടൈറ്റാനിക്കിലെ റോസിന്റെ ചേല്‌ക്ക്‌ കടമ്പഴിപ്പുറത്ത്‌ എന്നെയും കാത്തിരിക്ക്യാണത്രേ...ഞാന്‍ കള്ള്‌ കുടിക്കണ കണ്ടതോണ്ടാണാത്രെ അന്ന് കരഞ്ഞത്‌...
ഗുരുവായൂരപ്പാാാാാാാാകല്യാണോ...ഈ 19-ാ‍ം വയസ്സിലോ....!!!
ചെറിയ പ്രായത്തില്‍ ആള്‍ക്കാര്‍ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുന്നത്‌ എങ്ങിനെയാണെന്ന് ഇപ്പൊ മനസ്സിലായി।അല്ലെങ്കിലും സംസാരിക്കണ പെണ്‍കുട്ട്യോളെയൊക്കെ കല്യാണം കഴിക്ക്യാാാ???അങ്ങിനെയാണെങ്കില്‍ ഞാനിപ്പൊ പുരാണത്തിലെ കാര്‍ത്ത്യവീര്യാര്‍ജ്ജുനന്റെ ചേല്‌ക്കാവണാല്ലോ- ന്നൊക്കെ ഓര്‍ത്തോണ്ട്‌ നില്‍ക്കുമ്പോള്‍ ബേബിയേട്ടന്‍ പിന്നേം ഉവാച :
നിനക്ക്‌ ഇതില്‍ മനസറിവൊന്നുമില്ലെങ്കില്‍ കുഴപ്പമില്ല...ഞാന്‍ നോക്കിക്കോളാം...നീ ബാംഗ്ലൂര്‌ പോയിട്ട്‌ വാ"
"ഹാവൂ!!! തലവെട്ടാന്‍ വിധിച്ചവന്‌ പൊതുമാപ്പ്‌ കിട്ടിയ മാനസികാവ്സ്ഥയായിരുന്നു എനിക്കപ്പോ।കാരണം ബേബിയേട്ടന്‍ ഒരു കാര്യം ഏറ്റെടുത്താല്‍ അതു തീരുമാനാവും-ന്ന് എല്ലാവര്‍ക്കും അറിയാം.ബാംഗ്ലൂരെത്തി 2 ദിവസം കഴിഞ്ഞിട്ടാണ്‌ എന്റെ ഷോക്ക്‌ മാറിയതെന്നു പറഞ്ഞാല്‍ ഈ കഥ വായിച്ച നിങ്ങള്‍ക്ക്‌ ഇപ്പൊ മനസ്സിലാവുല്ലോ-ല്ലേ???
പിന്നെ ബേബിയേട്ടന്‍ അവളേം,അവള്‍ടെ അച്ഛനേംകാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി,അവള്‍-ടെ കല്യാണം കഴിഞ്ഞൂ-ന്നൊക്കെ സ്മിജിത്ത്‌ പറഞ്ഞറിഞ്ഞു.
പിന്‍ കുറിപ്പ്‌: ഒന്നൊന്നരക്കൊല്ലം മുമ്പ്‌ നമ്മുടെ മഞ്ചു വാര്യരെ പിന്നേം കണ്ടു.ഒക്കത്തൊരെണ്ണം,കൈയ്യിലൊരെണ്ണം.എന്തു പറഞ്ഞ്‌ എന്നെ പരിചയപ്പെടുത്തും ന്ന്‌ള്ളതോണ്ടാവും ഒന്നും മിണ്ടീല്യാ

Wednesday, November 14, 2007

പുലിരാധേട്ടന്‍

അന്ന് നേരം പരപരാന്ന് വെളുക്കുന്നത്‌ തന്നെ "ടൗണില്‍ പുലിയിറങ്ങി" എന്ന വാര്‍ത്തയുമായിട്ടാണ്‌.പുലി ഒറിജിനലോ അതോ തമിഴോ എന്ന് ആദ്യം എല്ലാവരും ഒന്ന് സംശയിച്ചെങ്കിലും,സംഭവം ഒറിജിനല്‍ തന്നെ എന്ന് മനോരമ ഏജന്റ്‌ വാസ്വേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കാത്തുകിടന്ന ഏതോ ഒരു ലോറീടെ മുകളില്‍ കേറി ടൗണ്‍ വിസിറ്റിനെത്തിയതാണത്രേ പാവം പുലി.
എന്തായാലും സര്‍ക്കസ്സിലും,തൃശ്ശൂര്‍ മൃഗശാലയിലും മാത്രം പുലിയെക്കണ്ട്‌ സായൂജ്യമടഞ്ഞിരുന്ന ഞങ്ങള്‍ പാലക്കാട്ട്‌കാരൊന്നടങ്കം ഉഷാറായി രംഗത്തിറങ്ങി.
പുലിയാണെങ്കില്‍ "വെളുപ്പാങ്കാലത്ത്‌ ഇവറ്റകള്‍ക്കൊന്നും വേറൊരു പണിയുമില്ലേ?"എന്ന മട്ടില്‍ എല്ലാവരെയുമൊന്ന് നോക്കിയിട്ട്‌ കല്‍മണ്ഡപം സ്കൂളിന്റെ കോമ്പൗണ്ടിലേക്ക്‌ കേറി.
ജനക്കൂട്ടം രാധേട്ടന്റെ നേതൃത്വത്തില്‍ കല്ല്,കമ്പ്‌,വെട്ടുകത്തി,വടിവാള്‍ തുടങ്ങിയ അവശ്യവസ്തുക്കളുമായി പുലിയുടെ പിന്നാലെ...പറയുമ്പോള്‍ എല്ലാം പറയണമല്ലൊ രാധേട്ടനും തരക്കേടില്ലാത്ത ഒരു പുലിയാണ്‌.പുത്തൂര്‍ വേലയ്ക്ക്‌ ഒറ്റയ്ക്ക്‌ നിന്ന് നാലുപേരെ തല്ലിവെളുപ്പിച്ച ടീം...കഥകള്‍ അങ്ങിനെ ഒരുപാടുണ്ട്‌ മൂപ്പരെപ്പറ്റി...ങാ...ലെറ്റ്‌സ്‌ കം ബാക്ക്‌ ടു ദ്‌ ടോപിക്ക്‌...
രാധേട്ടന്‍ ഒരു വടിവാളൊക്കെ പിടിച്ച്‌-ങ്ങനെ നിക്ക്‌ണ്ടെങ്കിലും മൂപ്പര്‍ക്കും അടുക്കാനൊരു മടി...കാരണം പുലിക്കെന്തു രാധേട്ടന്‍?അപ്പഴേക്കും പോലീസെത്തി...പോലീസിനും അടുക്കാന്‍ മടി...കാരണം മുമ്പേ പറഞ്ഞത്‌ തന്നെ....പുലിക്കെന്ത്‌ പോലീസ്‌...
ഒടുവില്‍ എ.എസ്‌.പി.ഷൂട്ട്‌ ചെയ്യാന്‍ ഓര്‍ഡറിട്ടു.പുലി വെടി കൊണ്ട്‌ വീണത്‌ മാത്രമേ എല്ലാവര്‍ക്കും ഓര്‍മ്മയുള്ളൂ,പിന്നെ ചരട്‌ രാധേട്ടന്റെ കൈയ്യിലായി...
വീണൂകിടക്കുന്ന പുലിയെ വടിവാള്‌ കൊണ്ട്‌ വെട്ടലായി,കുത്തലായി..."കള്ളപ്പ്‌പ്പുലീ...കളി രാധാകൃഷ്ണന്റെ അട്ത്താടാ എറക്കണ്‌..." എന്നുള്ള ഡയലോഗുകളായി...
ദോഷം പറയരുതല്ലോ പുലീടെ കഴുത്തില്‍ ഒരു കാല്‌ വെച്ച്‌ വടിവാള്‍ നിലത്ത്‌ കുത്തി വേലുത്തമ്പി ദളവ സ്റ്റൈലില്‍ പോസ്‌ ചെയ്യുന്ന രാധേട്ടന്റെ ഫോട്ടോ പാലക്കാട്‌ എഡിഷനില്‍ ഇറാങ്ങുന്ന എല്ലാ പത്രത്തിന്റെയും രണ്ടാം പേജില്‍ വന്നു...
ഇത്രയും കഥ...ഇനി കഥയുടെ ആന്റി-ക്ലൈമാക്സ്‌...
ഏതോ വന്യജീവി സംരക്ഷണ സംഘടന വെടിവെക്കാന്‍ ഓര്‍ഡറിട്ട എ.എസ്‌.പി ക്കെതിരെ രംഗത്ത്‌ വന്നു.മൂപ്പര്‌ ഒറ്റ മലക്കം മറിച്ചില്‌
..."പൊലീസ്‌ പുലിയെ വെടി വെച്ചിട്ടില്ല.നാട്ടുകാര്‍ തല്ലിയും,വെട്ടിയും കൊന്നതാണ്‌..."
തെളിവിന്‌ രാധേട്ടന്‍ വേലുത്തമ്പി ദളവ സ്റ്റൈലില്‍ നില്‍ക്കുന്ന ഫോട്ടോയും ഹാജരാക്കി।അന്ന് മുങ്ങിയ രാധേട്ടന്‍ പകല്‍ വെളിച്ചത്ത്‌ ഇറങ്ങി നടക്കാന്‍ കൊറ്‌റ്‌റച്ച്‌ പാട്‌ പെട്ടൂ-ന്ന് അസൂയക്കാര്‌ പറഞ്ഞുനടന്നിരുന്നു....നിഷ്ക്കളങ്കനായ ഞാന്‍ പക്ഷേ വിശ്വസിച്ചിട്ടില്ല്യാ-ട്ടോ.

ദണ്ഡി യാത്ര...

രാമേട്ടന്റെ ഇളയ മോന്‍ അരുണ്‍ ഒരു സംഭവമായിരുന്നു।വെരി മച്ച്‌ ബിസിനസ്സ്‌ മൈന്‍ഡഡ്‌...പക്ഷെ ബിസിനസ്സില്‍ കാണിക്കുന്ന താല്‍പര്യം പഠിത്തത്തില്‍ അത്രയ്ക്കങ്ങ്‌ട്‌ ണ്ടാര്‍ന്നില്ല്യ..."ധീരുഭായ്‌ അംബാനിയൊക്കെ പഠിച്ചിട്ടാണോ കോടീശ്വരനായതെന്നാണു"മൂപ്പരുടെയൊരു ലൈന്.
‍എനി ഹൗ ഇവനെ പഠിപ്പിച്ചൊരു നിലയ്ക്കാക്കിയിട്ടു ബാക്കി കാര്യം-ന്നങ്ങ്‌ട്‌ ഉറപ്പിച്ച്‌ അരുണിന്റെ അമ്മ വിജയലക്ഷ്മി ആന്റി ആ ദൗത്യം ഞങ്ങളെ ഏല്‍പ്പിച്ചു।ഈ ഞങ്ങളെന്നു വെച്ചാല്‍ ഞാനും,നമ്മുടെ അനീഷും।അനീഷിന്റെ പേരു കേട്ടപാടെ കൊല്ലാന്‍ കൊണ്ടോവുന്ന ബ്രോയിലര്‍ കോഴി നീട്ടിക്കൊക്കുന്ന പോലെ ചെക്കന്‍ വല്യവായില്‍ കരയാന്‍ തുടങ്ങി।കാരണം സിമ്പിള്‍...സിമ്പിളെന്നു വെച്ചാല്‍ വെരി സിമ്പിള്‍।അനീഷ്‌ ശേഖരീപുരത്തെ ഹിറ്റ്‌ലര്‍ ആണ്‌...ഗബ്ബ്ബര്‍ സിംഗ്‌ ആണ്‌..."ജബ്‌ ദൂര്‍ ഗാവ്വ്‌ മേം ....." - അതാണ്‌...
പിറ്റേന്ന്-
എല്ലാവരും അവനോന്റെ ജ്വാലികള്‍ നോക്കി പ്പോയി...ഞങ്ങള്‍ ഗസ്റ്റ്‌ ലെക്ചറന്മാര്‍ ഹാജര്‍അനീഷിനെ കണ്ട്‌ പയ്യന്‍സിന്റെ മുഖം പുട്ടിയടിക്കാണ്ട്‌ വെള്ള പൂശിയ ചുമരു പോലെയായിമൂപ്പര്‌ കോയമ്പത്തൂര്‍ റോഡിലുള്ള ഷഫീക്കണ്ണന്റെ പീടികേന്നു പുത്തനൊരു വള്ളിചൂരലൊക്കെയായിട്ടാണ്‌ ലാന്‍ഡ്‌ ചെയ്തിരിക്കണത്‌।
ഇതും കൂടിക്കണ്ടപ്പോള്‍ എനിക്കുതോന്നിയത്‌ ക്‌ടാവ്‌ അറിയണ ഉത്തരോം മറന്നു പോവും-ന്നാണ്‌"ഏതാണ്ടാ നാളെ എക്സാം???"അനീഷിന്റെ സിംഹഗര്‍ജ്ജനം...
അരുണ്‍ എന്നെ ദയനീയമായൊന്നു നോക്കി।ഞാന്‍ തിരിച്ചും അതേ ദയനീയതയോടെ ഒരു നോട്ടം പാസ്സ്‌ ചെയ്തു।അതിന്റെ അര്‍ത്ഥം :"മര്യാദയ്ക്ക്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്റെ കാര്യം തീരുമാനമായി മോനെ"-എന്നായിരുന്നു
।"ടാാാാ...ചോദിച്ചതു കേട്ടില്ലേ???"വീണ്ടും ഗര്‍ജ്ജനം.
ഇച്ചെക്കനിത്തിരി മെല്ലെ സംസാരിച്ചൂടെ???എന്തൊരു തൊള്ള...
"സോഷ്യല്‍ സയന്‍സ്‌"-പാവം ഇര മുക്കിമൂളി മറുപടി പറഞ്ഞുവൈകാതെ തന്നെ ചോദ്യോത്തര പരിപാടി ആരംഭിച്ചു...ഒപ്പം തിയ്യറ്ററിലെ ക്യൂവില്‍ ഇടിച്ചു കയറുന്നവരെ ഓടിച്ചിട്ട്‌ തല്ലുന്ന പോലീസുകാരനെപ്പോലെ ഇടയ്ക്കിടയ്ക്ക്‌ അനീഷ്‌ അരുണിന്റെ പിറകെ ഓടുന്നതും കാണാം।പേജുകള്‍ മറിഞ്ഞു മറിഞ്ഞു ഒടുവില്‍ "ഇന്ത്യന്‍ സ്വാത്രന്ത്യ സമരത്തിലെത്തി നിന്നു
।"എന്താടാ ദണ്ഡി യാത്ര?"
"അത്‌...അത്‌..." അരുണ്‍ ഒന്ന് പരുങ്ങി।
എനിക്കും ഏകദേശം ഉറപ്പായി...ഇന്നൊരു തീരുമാനമായിക്കിട്ടും...
"പറയടാ...വേഗം പറഞ്ഞോ ഇല്ല്യെങ്കില്‍ നിന്റെ തൊലി ചെത്തി ഇന്നു ഞാന്‍ ഊറയ്ക്കിടും"
ഹൗ! എന്താ ഭീഷണി!!!
അരുണ്‍ ഒരു നിമിഷം കണ്ണടച്ചു നിന്ന് ആലോചിച്ചു
।"അതേയ്‌ അനീഷേട്ടാ...ദണ്ഡീലെ ഉപ്പിന്‌ വെലക്കൊറവാന്നു പറഞ്ഞ്‌ അവിടെവരെ യാത്ര ചെയ്ത്‌ ഉപ്പ്‌ വാങ്ങിക്കൊണ്ടു വന്നതല്ലേ...ഇ...ദണ്ഡിയാത്ര???
കാറ്റ്‌ കുത്തിവിട്ട ആപ്പിള്‍ ബലൂണ്‍ പോലെ അനീഷിന്റെ മുഖം ചുരുങ്ങിച്ചെറുതാകുന്നത്‌ ഞാന്‍ നോക്കി നിന്നു

ഒരു മിന്‍സാരക്കനവിന്റെ ഓര്‍മ്മയ്ക്ക്‌

പണ്ടെന്നു വെച്ചാല്‍ അത്രയ്ക്കു പണ്ടൊന്നുമല്ല....ഞാന്‍ പ്രീ-ഡിഗ്രിയും കഴിഞ്ഞ്‌,പ്രത്യേകിച്ചു 'പണീം,തൊരോം ഇല്ല്യാണ്ട്‌' നടക്കണ കാലം...(ചില ദുഷ്ട ബുദ്‌ധികള്‍ "പ്രീ-ഡിഗ്രിയോ? നീയോ?" എന്നു ചോദിക്കുന്നതു ഞാന്‍ കെള്‍ക്കായ്കയല്ലാ....പ്രീ-ഡിഗ്രിയും അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് മാത്രമേ ഞാനിപ്പൊ പറയുന്നുള്ളൂ....)
അരണ്ട നിലവെളിച്ചം വീഴുമ്പോള്‍ വയല്‍ വരമ്പുകള്‍ കറുത്ത പാമ്പുകളെപ്പോലെ തോന്നിച്ചു....ഞങ്ങള്‍ കുറേ നേരമായി നടപ്പ്‌ തുടങ്ങിയിട്ട്‌...ദൂരെ നിന്നും തൃപ്പൂണിത്തുറ ജയഭാരത്‌ കലസമിതിയുടെ ബാലെ നടക്കുന്ന ശബ്ദം .ശേഖരീപുരം അയ്യപ്പ ക്ഷേത്രത്തില്‍ കുംഭാഭിഷേകം മൂന്നാം ദിവസമാണ്‌...അതിനിടയ്ക്ക്‌ നിന്നും പാമ്പാവാനുള്ള ചെറിയൊരു ആഗ്രഹം കൊണ്ടു മുങ്ങിയതാണു ഞങ്ങള്‍ 5 പേര്‍.മൊട്ടയടിച്ചവന്റെ തലയില്‍ കല്ലുമഴ പെയ്യുന്നതിതാണു എന്നു ദൈവം മനസിലാക്കിച്ചതു പോലെ പെട്ടെന്നു ഒരു തോന്നല്‍....
"ഒരു സിനിമയ്ക്ക്‌ പോയാലോ??? 'പ്രിയ' യില്‍ 'മിന്‍സാരക്കനവ്‌' കളിക്കുന്നുണ്ട്‌"....ആലോചന പ്രാവര്‍ത്തികമാക്കാന്‍ ഒരുപാട്‌ സമയം ആവശ്യമില്ലാത്തതിനാല്‍ ("എടുത്തുചാട്ടം എന്നു ദോഷൈക്യദൃക്കുകള്‍ പറയും...ജസ്റ്റ്‌ അവോയ്ഡ്‌ ദെം...)
പടകള്‍ തീയറ്ററില്‍ എത്തി...ഷോ തുടങ്ങി...സിനിമയില്‍ മുഴുകി ഇരിക്കുമ്പോള്‍ അനീഷിനു നമ്മുടെ കൊടകരക്കാരന്‍ 'കാക്കമുട്ട സേവ്യറേട്ടനു തോന്നിയത്‌ പോലെ' ഒരു തോന്നല്‍....(കടപ്പാട്‌ :വിശാലമനസ്കന്‍) ലൈറ്റായിട്ടൊന്ന് വാളു വെക്കണം...സംഗതി ഉദ്ദ്യേശിച്ചത്‌ ലൈറ്റായിട്ടാണെങ്കിലും പുറത്തു വന്നതു സാമാന്യം നല്ലൊരു വീശുവാളാണ്‌...ഇരിക്കുന്ന റോ മൊത്തം കുലുക്കിക്കൊണ്ട്‌ മൂപ്പരങ്ങനെ അലക്കിപ്പൊളിക്ക്യാ...ഞാന്‍ ചേട്ടച്ചാരെ മെല്ലെ പുറത്തേക്കു കൊണ്ട്‌ പൊകനുള്ള ശ്രമം തുടങ്ങിഡോര്‍ തുറന്ന് പുറത്തേക്കു ചലിക്കുമ്പോള്‍ വാതുക്കല്‍ നില്‍ക്കുന്ന കൃഷ്ണേട്ടന്‍ "സൂക്ഷിച്ചു പോണേ മക്കളേ" എന്നാണു പറഞ്ഞതെന്ന് ആണയിട്ടു പറഞ്ഞിട്ടും 'കുരുപ്പ്‌ ക്‌ടാങ്ങ്‌ള്‌ ഇന്നും വിശ്വസിക്കുന്നില്ല... "മക്കളേ" എന്നതിനു പ്രി-ഫിക്സ്‌ ആയിട്ട്‌ വേറെന്തൊക്കയോ വിളിച്ചു എന്നാണ്‌ സാമദ്രോഹികള്‍ ശേഖരീപുരം മൊത്തം പറഞ്ഞു പരത്തിയത്‌।
സം ഹൗ കൃഷ്ണേട്ടനെ പറഞ്ഞൊതുക്കി ഞാന്‍ ബാത്ത്‌ റൂമിലെത്തുമ്പൊഴേക്കും അവന്‍ അവന്റെ പണി കൃത്യമായും വൃത്തിയായും തീര്‍ത്തിരുന്നു....അതും പോരാഞ്ഞു ദുഷ്ടന്‍ ബാത്ത്‌ റൂമിന്റെ നിലം തുടയ്ക്കുന്ന ചാക്കെടുത്ത്‌ മുഖവും തുടച്ചു।
വരാനുള്ളത്‌ വഴീ തങ്ങില്യാല്ലോ...
'ഇന്റ്‌റീലിന്റെ' ബെല്ലടിച്ചു
ഇടിവെട്ടാനായിട്ട്‌ പരിചയക്കാരെയാരെയും കാണല്ലേ-ന്ന് പ്രാര്‍ത്ഥിച്ച്‌ അനീഷിനെ വിക്രമാദിത്യന്‍-വേതാളം സ്റ്റെയിലില്‍ ചുമന്ന് ബാത്ത്‌ റൂമിന്റെ പുറതെത്തിയതും ...ദാാാ നിക്കണൂ ഒപ്പം പഠിച്ച സിമി വേണുഗോപാല്‍ വിത്ത്‌ ഫാമിലി.
തോളില്‍ കിടക്കുന്ന 'കിന്റല്‍ ചാക്കിനെ'യും കൊണ്ട്‌ ഭൂമി പിളര്‍ന്ന് പോയാല്‍ തിരിച്ചു വരവ്‌ കുറച്ച്‌ കഷ്ടമാനെന്നതു കൊണ്ട്‌ ഞാന്‍ മണ്ഡരി പിടിച്ച തെങ്ങിനെ പോലെ ബ്ലിങ്കസ്യാന്നു ഞാനങ്ങട്‌ നിന്നു കൊടുത്തു