Friday, November 16, 2007

ഇങ്ങിനെയൊക്കെ നടന്നാ മതിയാ...

തോട്ടിങ്ങലെ ജോയ്‌ ആളൊരു പുലിക്കുട്ട്യാണ്‌.
വിക്ടോറിയാ കോളേജിന്റെ പിറകുവശത്തുള്ള കോഴിപ്പെരയുടെ മതിലില്‍ കേറിയിരിക്കുന്ന ചെങ്ങായിമാര്‌ടെ വെളുത്ത ആക്ഷന്‍ ഷൂസിന്റെ ലേസുകള്‍ പരസ്പരം കൂട്ടിക്കെട്ടി വെച്ച്‌,അവര്‍ തല്ലിയലച്ച്‌ വീഴുമ്പോള്‍ കൈ കൊട്ടിച്ചിരിക്കുക,കെമിസ്റ്റ്രി ലാബില്‍ നിന്ന് മെര്‍ക്കുറി അടിച്ച്‌ മാറ്റിയിട്ട്‌ ഡെസ്കിന്റെ മോളിലൊഴിച്ച്‌ അതിങ്ങനെ ഇങ്ങനെ ഉരുണ്ട്‌ വരുന്നത്‌ നോക്കിയിരിക്ക്യാ,ഉച്ചക്ക്‌ 12 മണിക്ക്‌ ഹാരിസ്‌ ഹോട്ടലിന്റെ മുമ്പില്‍ നിന്ന് മോയന്‍സ്‌ സ്കൂള്‍ വിട്ട്‌ വരുന്ന ക്‌ടാങ്ങള്‍-ടെ ചോരയൂറ്റിക്കുടിക്കുക എന്നുള്ളതൊക്കെ ജോയിന്റെ ചെറിയ ചെറിയ വിക്രിയകള്‍ മാത്രം....
എല്ലാ ചെയ്ത്തിനും ഒരു മറുചെയ്ത്തുണ്ടെന്നുള്ളത്‌ ദൈവം യൂസഫ്ക്കാ-ന്റെ രൂപത്തില്‍ ജോയ്‌ക്ക്‌ പ്രൂവ്‌ ചെയ്തു കൊടുത്ത കഥയാണ്‌ കഥ।അതിപ്രകാരമാണ്‌:
എപ്പഴാന്നറിയില്ല,പാമ്പ്‌ കടിക്കാനായിട്ട്‌ (കടപ്പാട്‌:വിശാലമനസ്കന്‍) ജോയിന്റെ വായില്‍ ഒരു ഡയലോഗ്‌ കേറിക്കൂടി
:"കൊച്ചു കള്ളന്‍,ഇങ്ങനെയൊക്കെ ഇരുന്ന മതിയാ???മൂക്കിലൊക്കെ പഞ്ഞി വെക്കണ്ടേ?കാല്‌ രണ്ടും കൂട്ടിക്കെട്ടണ്ടേ...എന്നിങ്ങിനെ പോകും അത്‌।ഈ ഡയലോഗ്‌ അടിച്ചടിച്ച്‌ അവന്‍ നാട്ടുകാരെയൊക്കെ വെറുപ്പിച്ച്‌ നടക്കണ കാലം...
ജെറിയേട്ടന്റെ 'സെന്റ്‌।ജോണ്‍സ്‌ മെഡിക്കല്‍സില്‍" അങ്ങോരേം കത്തിയടിച്ച്‌ വില്‍സിന്റെ പുക മൂക്കില്‍ കൂടി വിട്ടോണ്ട്‌ നിക്കണ ടൈമിലാണ്‌ എക്സ്‌-മിലിട്ടറി യൂസഫ്ക്കാ മൂപ്പര്‌ടെ പഴയ ലാംബി സ്കൂട്ടറില്‍ വരുന്നത്‌.
വഴീല്‍ കൂടിപ്പോണത്‌ രാജവെമ്പാലയാണെങ്കിലും എടുത്ത്‌ തോളില്‍ വെച്ചില്ലെങ്കില്‍ ഒരു മനഃസമാധാനം കിട്ടാത്തതു കൊണ്ട്‌
"യൂസഫ്ക്കാ,ഇങ്ങിനെയൊക്കെ നടന്നാ മതിയാ...മൂക്കിലൊക്കെ പഞ്ഞി വെക്കണ്ടേ"
എന്നൊന്ന് നമ്മടെ ജോയ്‌ അറിയാണ്ട്‌ ചോദിച്ചു പോയി...
അതൊരു തെറ്റാണോ???
ആണെന്ന് യൂസഫ്ക്ക സ്കൂട്ടര്‍ നിര്‍ത്തീട്ട്‌ വരുന്ന വരവു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസിലായി.ഇന്നിവന്റെ കാര്യത്തിലൊരു തീരുമാനമായീന്ന്‌ള്ള അര്‍ത്ഥത്തില്‍ ഞാനും സ്മിജിത്തും ജെറിയേട്ടനും ഓരോ ലുക്ക്‌ കൈ മാറി.ജോയ്‌ക്കും ഉറപ്പായി കാര്യം കൈ വിട്ടു പോയീന്ന്.
യൂസഫ്ക്കാനോട്‌ തല്ലി നിക്കാം എന്നുള്ള ചെറിയ ആഗ്രഹം പോലും വേണ്ടാ-ന്ന്‌ള്ള അര്‍ത്ഥത്തില്‍ ഞാന്‍ ജോയിനെ ഒന്നു നോക്കി.കാരണം വെരി സിമ്പിള്‍...ബീഫിന്റെ തുടക്കഷ്ണം തൂക്കിയിട്ടിരിക്കുമ്മ നല്ല 2 വെടിച്ചില്ല് ബൈസെപ്സിന്റെ ഉടമയാണ്‌ യൂസഫ്ക്ക.നമ്മുടെ വില്ലന്‍ നടന്‍ അബുസലീമിന്റെ ഒരു ശരീരക്കൂറ്‌...കമ്പാരിറ്റീവ്‌ലി ജോയ്‌ വെറും അശു...നരന്ത്‌...."ഒരു ഇരയേ അല്ല" എന്നൊക്കെ വേണമെങ്കില്‍ പറയാം.
യൂസഫ്ക്ക അടുത്തെത്തിക്കഴിഞ്ഞു.ജോയ്‌ 2 കണ്ണും അടച്ച്‌ ഇടത്തെ കവിളത്ത്‌ അടി കൊള്ളാതിരിക്കാന്‍,2 കൈപ്പത്തി കൊണ്ടും മറച്ചുപിടിച്ച്‌ നിന്നു.പാവം അവനറിഞ്ഞോ മൂപ്പര്‌ ഗില്‍ക്രിസ്റ്റിന്റതു പോലുള്ള ഒരു ലെഫ്റ്റ്‌- ഹാന്‍ഡര്‍ ബാറ്റ്സ്‌മാനാണെന്ന്...
പഠേ....ന്ന് പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടതും,ജോയ്‌ കിറുങ്ങി നിലത്തു വീണതും ഒരുമിച്ച്‌ കഴിഞ്ഞു।യൂസഫ്ക്ക ഒന്നും സംഭവിക്കാത്തതു പോലെ ഞങ്ങളെ നോക്കിയൊന്നു ചിരിച്ച്‌ വണ്ടിവിട്ടുപോയി.
പിറ്റേന്ന് മുതല്‍ ഒരാഴ്ച ജോയ്‌ കവിള്‍വീക്കത്തീനു കാരണം മുണ്ടിനീരാണെന്നു പറഞ്ഞിട്ടും വാര്‍ത്ത ലീക്കായതിനു ഉത്തരവാദികള്‍ സത്യമായിട്ടും ഞങ്ങളല്ലാ-ട്ടോ... അമ്മയാണെ സത്യം...

6 comments:

ശ്രീ said...

ഒരെണ്ണത്തിന്റെ കുറവുണ്ടായിരുന്നു. അതു കിട്ടി. ഗുഡ്!

TEST BLOG said...

അത് നന്നായി
:)

ഓ:ടോ : ആ Word Verification എടുത്ത് കള മാഷേ.. :)

ക്രിസ്‌വിന്‍ said...

ദൈവമേ... എനിക്കും ഈ അസുഖമുണ്ട്‌;വല്ലപ്പോഴും

പ്രയാസി said...

സമാധാനായീ..ആശ്വാസായീന്നും പറയാം..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

kaanthaarikkoru koottaayallo...
:)

ഏ.ആര്‍. നജീം said...

iഅന്ന് മുതലാ ഈ വടികൊടുത്ത് അടി വാങ്ങുക എന്ന പ്രയോഗം ഉണ്ടായത് അല്ലെ...?
:)

ഓടോ : കൃസ്‌വിന്‍ , ഡോണ്‍ടൂ...ഡോണ്‍‌ടൂ..ആരാണ് വലംകൈ ആരാണ് ഇടങ്കൈ എന്നൊക്കെ ആര്‍‌ക്കറിയാന്‍ പറ്റും