Wednesday, November 21, 2007

ഒരു നി'വേദന'ത്തിന്റെ കഥ

എന്റെ ഒന്‍പതാം ക്ലാസ്‌ കൊല്ലപ്പരീക്ഷയുടെ റിസള്‍ട്ട്‌ വന്നപ്പോഴാണ്‌ എന്റെ അമ്മ ആ ഞെട്ടിക്കുന്ന തീരുമാനം എല്ലാവരേയും അറിയിച്ചത്‌.
എന്റെ മോനെ ഒരു എഞ്ചിനിയറാക്കണം-ന്നാണ്‌ എന്റെ ആഗ്രഹം.ആക്കും ഞാന്‍"
"ഹെന്റമ്മേ...എന്നാലും ഇത്രയ്ക്കു വേണായിരുന്നോ???"
മാത്‌സും ഞാനുമായുള്ള ഇരിപ്പുവശം എനിക്കും,ജോസഫ്‌ സാറിനും മാത്രമല്ലേ അറിയൂ...
ങൂൂൂം...ഞാന്‍ സമ്മതിക്കൂല്ലാ...എനിക്കു പത്ത്‌ കഴിഞ്ഞ്‌ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ ചേര്‍ന്നാല്‍ മതീ-ന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും
"എഞ്ചിനിയറായില്ലെങ്കില്‍ പച്ചവെള്ളം തരില്ല്യ"-ന്നൊരു ഭീഷണി മുഴക്കിക്കളഞ്ഞു അമ്മ.
"ങാഹാ...അത്രക്കായോ???ഏന്നാപ്പിന്നെ എഞ്ചിനിയറായിട്ടു തന്നെ ബാക്കി കാര്യം"-ന്ന് സമ്മതിക്ക്യല്ലാണ്ട്‌ വേറെ യാതൊരു വഴീം-ണ്ടായിരുന്നില്ല എനിക്ക്‌.
ഇടിവെട്ടിയവന്റെ കയ്യില്‍ കറന്റ്‌ ബില്ല് കിട്ടീന്ന് പറഞ്ഞ പോലെ, മാത്‌സ്‌ റ്റ്യൂഷന്‌ ഗീതടീച്ചര്‍-ടെ അടുക്കലും ഏല്‍പ്പിച്ചു.അമ്മേടെ പഴയ പരിചയക്കാരി.ഒരേ നാട്ടുകാര്‌...ശേഷം ചിന്ത്യം....എന്റെ ലൈഫ്‌ കട്ടപ്പൊക...
കണക്കില്‍ മോശമായ പിള്ളേര്‍ക്ക്‌ അന്നുമിന്നും ടീച്ചര്‍ ഒരു ടെറര്‍ ആണ്‌...
വേറെ പ്രശ്നം ഒന്നൂല്യ...മൂപ്പത്ത്യാര്‌-ടെ കയ്യിലൊരു പേനേണ്ട്‌...പെരുവിരലിന്റെ വണ്ണം,ഫുള്‍ സ്റ്റീലിന്റെ ബോഡി.
കണക്ക്‌ തെറ്റിക്കഴിഞ്ഞാല്‍ കയ്യിന്റെ മണികണ്ഠത്തിനിട്ട്‌ ഒരു അലക്ക്‌-ണ്ട്‌....
ഇത്രേം സീനിയേഴ്സ്‌ പറഞ്ഞു കേട്ട കഥകളായിരുന്നു.
റ്റ്യൂഷന്‍ തുടങ്ങണ അന്ന് രാവിലെ കുളിച്ച്‌ ചന്ദ്രനഗര്‍ ഗണപതിക്ഷേത്രത്തില്‍ പോയി തൊഴുതു.
തൊഴ്വാ-ന്ന്ള്ളതിനേക്കാളും,കുറി തൊട്വാ-ന്ന്ള്ളതാണ്‌ മെയിന്‍ അജണ്ട.
(ഭക്തീള്ള ടീംസിനെ ടീച്ചര്‍ ചെലപ്പൊ തല്ലീല്ലെങ്കിലൊ???ഒന്നു ട്രൈ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലല്ലോ?)
എന്റെ ചുമന്ന ബി.എസ്‌.എ.എസ്സെല്ലാര്‍ ചവിട്ടി റ്റ്യൂഷന്‍ സെന്ററിന്റെ മുന്നിലെത്ത്യപ്പഴക്കും ഗഡികള്‌ ഹാജര്‌ണ്ട്‌..
വിപിന്‍,സജി,ജയസൂര്യ...ഇതിനെക്കാളും മൊക്കെ സന്തോഷം തോന്നിയത്‌, അവിടെ കൂടിയ പെണ്‍പ്രജകളെക്കണ്ടപ്പഴാണ്‌...
കാണിക്കമാതയിലെ മിന്നും താരങ്ങള്‍...
ഇതു വരെ മഞ്ഞ പെയ്ന്റടിച്ച ബസ്സിനു പുറത്ത്‌ നിന്നു മാത്രം കണ്ടുകൊണ്ടിരുന്ന 'ജാട ടീമുകള്‍' എന്റൊപ്പം...ഒരേ ബെഞ്ചില്‍....
ഹോ..എനിക്ക്‌ വയ്യ....
ചിരീം തമാശേം ഒക്കെയായിട്ട്‌ ഒരാഴ്ച പോയി...പിന്നെയാണ്‌ പ്രശ്നങ്ങള്‍ തുടങ്ങുന്നത്‌...
വലുതായിട്ടൊന്നൂല്യാ....
ഈ Tan തീറ്റ,Cos തീറ്റ,ലോഗരിതം...എല്ലാം കൂടെ ഒരു...രു...കണ്‍ഫ്‌യൂഷന്‍.
സ്റ്റീല്‍ പ്ലേറ്റ്‌ നിലത്ത്‌ വീഴണ സൗണ്ടില്‍ ആദ്യത്തെ അടി വീണു...
സോ സിമ്പിള്‍...ഞാന്‍ കൈ വലിച്ചു...
രണ്ട്‌ മൂന്നു പ്രാവശ്യായപ്പോള്‍ കൂടെ-ള്ള കുരുപ്പ്‌ ക്‌ടാങ്ങള്‌ ചിരി തുടങ്ങി.അതിനിപ്പോ ആണ്‍-പെണ്‍ വ്യത്യാസോന്നൂല്യ...എല്ലാം കണക്കാണ്‌....
ടീച്ചര്‍-ടെ ബി.പി അതിനനുസരിച്ച്‌ കൂടാന്‍ തുടങ്ങി.
വലത്തേ കൈയ്യങ്ങ്‌ട്‌ പിടിച്ചു വെച്ച്‌ പെരിങ്ങോട്‌ സ്കൂളിലെ കുട്ട്യോള്‌ തായമ്പക പ്രാക്റ്റീസ്‌ ചെയ്യണ സ്റ്റയിലില്‌ ഒരു നാലഞ്ചെണ്ണം....
"ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ്‌...ഇതാണ്‌" എന്നെനിക്ക്‌ ആ നിമിഷം പറയാന്‍ തോന്നി.
അടിയുടെ വേദനയെക്കാള്‍ എനിക്ക്‌ സങ്കടം തോന്നിയത്‌
"പെമ്പിള്ളേര്‌ടെ മുന്നില്‍ വെച്ച്‌ ഞാന്‍ കാറിക്കൂവിയല്ലോ ഈശ്വരാാാാ"-ന്നോര്‍ത്തപ്പഴായിരുന്നു.
പിറ്റേന്ന് രാവിലെ.....
"റ്റ്യൂഷനു പോണ്‍-ല്യേടാ നീയ്യ്‌"-ന്ന് ചോദിച്ച അമ്മയ്ക്ക്‌ നേരെ നാലാക്കി മടക്കിയ ഒരു കടലാസ്‌ ഞാന്‍ നീട്ടി.
ഇവനിതെന്തു പറ്റീ"-ന്നൊരു ആത്മഗതത്തോടെ കടലാസിന്റെ മടക്ക്‌ തുറന്ന അമ്മാ സത്യായിട്ടും ഞെട്ടീന്ന് എനിക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റും.
എഴുതിയതിതായിരുന്നു:
"ഇനി ഈ വീട്ടിലാരെങ്കിലും റ്റ്യൂഷന്റെ കാര്യം മിണ്ടിയാല്‍ അമ്മയാണെ സത്യം ഞാന്‍ നാടു വിട്ടു പോവും"
അമ്മ "എന്നാലും "എന്റെ എഞ്ചിനിയറിംഗ്‌ സ്വപ്നങ്ങള്‍ തകര്‍ത്ത മഹാപാപീ"-ന്ന്ള്ള മട്ടില്‍ എന്നെയൊന്ന് നോക്കി.

P.S: ഇന്ന് അത്യാവശ്യം തെറ്റില്ലാത്തൊരു ഗ്രാഫിക്ക്‌ ഡിസൈനെറായ ശേഷം,ഇടയ്ക്കോര്‍ക്കാറുണ്ട്‌..വളരെക്കുറച്ച്‌ നാളത്തെ ആ റ്റ്യൂഷന്‍ ഇല്ലായിരുന്നെങ്കില്‍,പത്തിലെ കണക്കുപരീക്ഷ കടക്കാന്‍ കുറച്ചു ബുദ്‌ധിമുട്ടേണ്ടി വന്നേനേം

5 comments:

Unknown said...

കൊള്ളാല്ലോ കുട്ട്യേ....

ഞാനും പണ്ടു പയറ്റിയതാ....

ന്നിട്ടു ബി.എസ് സി പഠിക്കാന്‍ പോയി...

പക്ഷെ ഇപ്പോള്‍ ഒരു പൊടി "ഞ്ചിനീയര്‍ " ആയി...

(തലേ വര)

പോസ്റ്റ് കലക്കീട്ടൊ...

വായിക്കാന്‍ ഇനിയും വരാം ....

ധൈര്യായി എഴുതിക്കോളൂട്ടൊ :-)

Sethunath UN said...

എഴുത്ത് കൊള്ളാം കേട്ടോ. ഈ മൂന്നു കുത്തുക‌ള്‍ (...) ഒഴിവാക്കാവുന്നതാണ്; ഇടയ്ക്കിടെ കാണുന്നു.

ദിലീപ് വിശ്വനാഥ് said...

എന്തായാലും... എഞ്ചിനീയറായില്ലെങ്കിലും... ഗ്രാഫിക്സ് ... ഡിസൈനര്‍...ആയില്ലേ...
സാരമില്ല...

പാവം ഞാന്‍!!! said...

ചേട്ടന്മാരേ/ചേച്ചിമാരേ...
സത്യമായിട്ടും ആ മൂന്ന് കുത്തുകള്‍ ഒഴിവാക്കണം-ന്ന് ആഗ്രഹമുണ്ട്‌...പക്ഷെ എന്തു ചെയ്യാന്‍...ശീലമായാല്‍ മാറ്റാന്‍ പ്രയാസമല്ലേ????
ഇനിയും കാണാം...
വായിച്ച്‌ വളരൂ...

സ്നേഹത്തോടെ
പാവം ഞാന്‍

ശ്രീ said...

ആ നിവേദനം നന്നായീട്ടോ.
(നന്നായി വേദനിച്ചൊ?)

:)