Thursday, November 22, 2007

വൈത്തിരിയിലെ "ഡിങ്കന്‍"!!!

ഊര്‌ ചുറ്റുന്ന സ്വഭാവം കലശലായിട്ട്ള്ളതു കാരണം,ഇടയ്ക്കൊക്കെ ഞാന്‍ സാജന്റെ കൂടെ വൈത്തിരിയിലെ അവന്റെ വീട്ടില്‍ പോവാറുണ്ട്‌.
അങ്ങിനെ ഒരിയ്ക്കല്‍ ചെന്ന്‌പെട്ടപ്പഴാണ്‌ അവിടെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം.ഞാന്‍ നേരത്തെ പറഞ്ഞിട്ട്ള്ളതു പോലെ,ചെണ്ടപ്പുറത്ത്‌ കോലു വെയ്ക്കും മുമ്പെ ആ ഏരിയേല്‌ ണ്ടാവ്വ്വാ-ന്ന്ള്ളത്‌ ഒരു ഹാബിറ്റ്‌ ആയതോണ്ട്‌ നമ്മളവിടെ എത്തി.
എഴുന്നള്ളത്തൊക്കെ നല്ല ഉഷാറായിട്ട്‌ കഴിഞ്ഞു.ഞാനും സാജനും കല്‍പ്പറ്റ പങ്കജ്‌ ബാറീന്ന് രണ്ടെണ്ണം വിട്ട്‌ വന്ന് കിടന്നുറങ്ങി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ സത്യമായിട്ടും എനിക്കറിയില്ലായിരുന്നു "നാളെ ഞാനൊരു പ്രസ്ഥാനത്തിനെ പരിചയപ്പെടും-ന്ന്."
പിറ്റേന്ന് നേരം വെളുത്തപ്പഴേ ഇറങ്ങി,ഊരുതെണ്ടാന്‍.
ഫ്രാന്‍സിസ്സേട്ടന്റെ ചായക്കടേടെ മുമ്പില്‍ എത്തിയപ്പോള്‍ സാജന്‍ ഓടി ചായക്കടേല്‍ കേറി ഒരു ചായ അങ്ങ്‌ട്‌ വാങ്ങി.
"ദുഷ്ടന്‍...ഒറ്റയ്ക്ക്‌ ചായ കുടിക്ക്യാ???വയറെളകി പണ്ടാറടങ്ങട്ടെ"-ന്ന് പ്രാകാന്‍ തുടങ്ങിയപ്പോ-ണ്ട്‌ ദേ ശവി വേറൊരു ടീമിന്‌ ചായഗ്ലാസ്സ്‌ കൈമാറ്‌ണൂ.ഒപ്പം ഒരു ഡയലോഗും:
"പാപ്പച്ചന്‍ ചേട്ടാ,ചായ ചൂടായിട്ടങ്ങ്‌ട്‌ കുടിക്ക്‌"
ഹൗ എന്തൊരു സ്നേഹം!!!
ഒരേ പായേല്‌ക്കെടന്ന്,ഒരേ ഗ്ലാസില്‍ വെള്ളമടിച്ച്‌,ഒരേ സിഗററ്റ്‌ ഷെയര്‍ ചെയ്ത്‌ വലിക്കണ എന്നോട്‌ "വേണെങ്കില്‍ എടുത്തു മോന്തെടാ"-ന്നേ പിശാശ്‌ പറയാറ്‌ള്ളൂ...
ഇനി ഇയാള്‍-ടെ മോളെയെങ്ങാനും കുരിപ്പ്‌ ലൈനടിക്ക്‌ണ്ടോ ആവോ?
ഞാനും ഒരു 'വെള്ളം കമ്മി,സ്ട്രോങ്ങ്‌' വാങ്ങി അടുത്തിരുന്നു.
"ന്ന്‌ട്ട്‌...ഉത്സവൊക്കെ എങ്ങനെ-ണ്ടായിര്‌ന്നു???"
പാപ്പച്ചന്‍ ചേട്ടന്‍ ഫുള്‍ടാങ്ക്‌ ഡീസലടിച്ച 407 പോലെ ഉഷാറായി.
"എന്റെ മോനേ ഒന്നും പറയണ്ടടാ.ഇന്നലെ എഴുന്നള്ളിപ്പിന്റെ ഒപ്പം ങ്ങനെ നടന്നോണ്ടിരിക്ക്യാ.പിള്ളേര്‍ക്ക്‌ കൊടുക്കാന്‍ കൊറച്ച്‌ കരിമ്പ്‌ വാങ്ങീട്ട്‌ണ്ട്‌.പഴയവൈത്തിരി എത്തിയതും കയ്യിലെ കരിമ്പ്‌ ആരോ പിടിച്ച്‌ വലിക്ക്‌ണൂന്നേ...
ഞാന്‍ മെല്ലെ തിരിഞ്ഞു നോക്ക്യപ്പോ എഴുന്നള്ളത്തിനു കൊണ്ടു വന്ന ആന...ഞാന്‍ പിടിയങ്ങ്‌ട്‌ മുറുക്ക്യപ്പോ ആന വലിക്കണ ആയോം കൂട്ടി.കൊറച്ച്‌ നേരം ഇതങ്ങ്‌ട്‌ നടന്നൂ.പിന്നെ ആന കരിമ്പങ്ങ്‌ട്‌ വലിച്ചപ്പോ ഞാന്‍ കരിമ്പങ്ങ്‌ട്‌ വിട്ടു"
വളരെ നാടകീയമായ ഒരു ബ്രേക്ക്‌.
"ന്ന്‌ട്ട്‌??" ഞാന്‍ അറിയാതെ ചോദിച്ചു പോയി.
മൂപ്പര്‌ എന്നെ 'ലവനാരെടേയ്‌'-ന്ന്‌ള്ള മട്ടിലൊരു നോട്ടം.
"ന്ന്‌ട്ടെന്താവാനാ???ആന ചന്തീം കുത്തി വീണു"
ഞാന്‍ ബാലമംഗളത്തിലെ 'ഡിങ്കനെ' നേരില്‍ കണ്ട പോലെ അന്തം വിട്ട്‌ നോക്കി നിന്നു

7 comments:

Jo said...

Nannayirunnu… Iniyum nannakkam

Dinkan-ഡിങ്കന്‍ said...

എന്നെ പറ്റി ആണോ? അല്ലല്ലോ അല്ലെ?
:)

ഏ.ആര്‍. നജീം said...

അതിനിത്ര ചിരിക്കാനെന്താ പിടി തെറ്റിയാല്‍ ഏത് ആനയും വീഴില്ലെ..?

പക്ഷേ പാപ്പച്ചന്‍ അല്പം മര്യാദ കാണിക്കണമായിരുന്നു. പിടിവിടും മുന്‍പ് ഒന്നു പറയണമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ...

വാല്‍മീകി said...

ഇതാണ് ടീം. അതിനല്ലേ ലവന്‍ ചായ വാങ്ങിക്കൊടുത്തത്.

പടിപ്പുര said...

നല്ല ഉഗ്രന്‍ വെടി!

പ്രയാസി said...

ഒണ്ട്..! സത്യമായിട്ടും ഒണ്ട്..! ഇതു പോലുള്ള ഒരു ഡിങ്കന്‍ എന്റെ നാട്ടിലുമുണ്ട്.. പണ്ടാരക്കാലന്‍ തെങ്ങീന്നു തേങ്ങ കുലുക്കിയിടുന്നവനാ..:)

കുഞ്ഞായി said...

ഡിങ്കന്‍ കലക്കീട്ടോ