Wednesday, November 14, 2007

പുലിരാധേട്ടന്‍

അന്ന് നേരം പരപരാന്ന് വെളുക്കുന്നത്‌ തന്നെ "ടൗണില്‍ പുലിയിറങ്ങി" എന്ന വാര്‍ത്തയുമായിട്ടാണ്‌.പുലി ഒറിജിനലോ അതോ തമിഴോ എന്ന് ആദ്യം എല്ലാവരും ഒന്ന് സംശയിച്ചെങ്കിലും,സംഭവം ഒറിജിനല്‍ തന്നെ എന്ന് മനോരമ ഏജന്റ്‌ വാസ്വേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കാത്തുകിടന്ന ഏതോ ഒരു ലോറീടെ മുകളില്‍ കേറി ടൗണ്‍ വിസിറ്റിനെത്തിയതാണത്രേ പാവം പുലി.
എന്തായാലും സര്‍ക്കസ്സിലും,തൃശ്ശൂര്‍ മൃഗശാലയിലും മാത്രം പുലിയെക്കണ്ട്‌ സായൂജ്യമടഞ്ഞിരുന്ന ഞങ്ങള്‍ പാലക്കാട്ട്‌കാരൊന്നടങ്കം ഉഷാറായി രംഗത്തിറങ്ങി.
പുലിയാണെങ്കില്‍ "വെളുപ്പാങ്കാലത്ത്‌ ഇവറ്റകള്‍ക്കൊന്നും വേറൊരു പണിയുമില്ലേ?"എന്ന മട്ടില്‍ എല്ലാവരെയുമൊന്ന് നോക്കിയിട്ട്‌ കല്‍മണ്ഡപം സ്കൂളിന്റെ കോമ്പൗണ്ടിലേക്ക്‌ കേറി.
ജനക്കൂട്ടം രാധേട്ടന്റെ നേതൃത്വത്തില്‍ കല്ല്,കമ്പ്‌,വെട്ടുകത്തി,വടിവാള്‍ തുടങ്ങിയ അവശ്യവസ്തുക്കളുമായി പുലിയുടെ പിന്നാലെ...പറയുമ്പോള്‍ എല്ലാം പറയണമല്ലൊ രാധേട്ടനും തരക്കേടില്ലാത്ത ഒരു പുലിയാണ്‌.പുത്തൂര്‍ വേലയ്ക്ക്‌ ഒറ്റയ്ക്ക്‌ നിന്ന് നാലുപേരെ തല്ലിവെളുപ്പിച്ച ടീം...കഥകള്‍ അങ്ങിനെ ഒരുപാടുണ്ട്‌ മൂപ്പരെപ്പറ്റി...ങാ...ലെറ്റ്‌സ്‌ കം ബാക്ക്‌ ടു ദ്‌ ടോപിക്ക്‌...
രാധേട്ടന്‍ ഒരു വടിവാളൊക്കെ പിടിച്ച്‌-ങ്ങനെ നിക്ക്‌ണ്ടെങ്കിലും മൂപ്പര്‍ക്കും അടുക്കാനൊരു മടി...കാരണം പുലിക്കെന്തു രാധേട്ടന്‍?അപ്പഴേക്കും പോലീസെത്തി...പോലീസിനും അടുക്കാന്‍ മടി...കാരണം മുമ്പേ പറഞ്ഞത്‌ തന്നെ....പുലിക്കെന്ത്‌ പോലീസ്‌...
ഒടുവില്‍ എ.എസ്‌.പി.ഷൂട്ട്‌ ചെയ്യാന്‍ ഓര്‍ഡറിട്ടു.പുലി വെടി കൊണ്ട്‌ വീണത്‌ മാത്രമേ എല്ലാവര്‍ക്കും ഓര്‍മ്മയുള്ളൂ,പിന്നെ ചരട്‌ രാധേട്ടന്റെ കൈയ്യിലായി...
വീണൂകിടക്കുന്ന പുലിയെ വടിവാള്‌ കൊണ്ട്‌ വെട്ടലായി,കുത്തലായി..."കള്ളപ്പ്‌പ്പുലീ...കളി രാധാകൃഷ്ണന്റെ അട്ത്താടാ എറക്കണ്‌..." എന്നുള്ള ഡയലോഗുകളായി...
ദോഷം പറയരുതല്ലോ പുലീടെ കഴുത്തില്‍ ഒരു കാല്‌ വെച്ച്‌ വടിവാള്‍ നിലത്ത്‌ കുത്തി വേലുത്തമ്പി ദളവ സ്റ്റൈലില്‍ പോസ്‌ ചെയ്യുന്ന രാധേട്ടന്റെ ഫോട്ടോ പാലക്കാട്‌ എഡിഷനില്‍ ഇറാങ്ങുന്ന എല്ലാ പത്രത്തിന്റെയും രണ്ടാം പേജില്‍ വന്നു...
ഇത്രയും കഥ...ഇനി കഥയുടെ ആന്റി-ക്ലൈമാക്സ്‌...
ഏതോ വന്യജീവി സംരക്ഷണ സംഘടന വെടിവെക്കാന്‍ ഓര്‍ഡറിട്ട എ.എസ്‌.പി ക്കെതിരെ രംഗത്ത്‌ വന്നു.മൂപ്പര്‌ ഒറ്റ മലക്കം മറിച്ചില്‌
..."പൊലീസ്‌ പുലിയെ വെടി വെച്ചിട്ടില്ല.നാട്ടുകാര്‍ തല്ലിയും,വെട്ടിയും കൊന്നതാണ്‌..."
തെളിവിന്‌ രാധേട്ടന്‍ വേലുത്തമ്പി ദളവ സ്റ്റൈലില്‍ നില്‍ക്കുന്ന ഫോട്ടോയും ഹാജരാക്കി।അന്ന് മുങ്ങിയ രാധേട്ടന്‍ പകല്‍ വെളിച്ചത്ത്‌ ഇറങ്ങി നടക്കാന്‍ കൊറ്‌റ്‌റച്ച്‌ പാട്‌ പെട്ടൂ-ന്ന് അസൂയക്കാര്‌ പറഞ്ഞുനടന്നിരുന്നു....നിഷ്ക്കളങ്കനായ ഞാന്‍ പക്ഷേ വിശ്വസിച്ചിട്ടില്ല്യാ-ട്ടോ.

13 comments:

കുഞ്ഞന്‍ said...

ഹഹ..സംഭവം കലക്കന്‍..

പക്ഷെ അവസാന വരി ഗണ്‍ഫ്യൂഷന്‍..”അന്ന് മുങ്ങിയ രാധേട്ടന്‍ ആ എ.എസ്‌.പി പകല്‍ വെളിച്ചത്ത്‌ ഇറങ്ങി നടക്കാന്‍ കൊറ്‌റ്‌റച്ച്‌ പാട്‌ പെട്ടൂ-ന്ന് അസൂയക്കാര്‌ പറഞ്ഞുനടന്നിരുന്നു“

ഒന്ന് വിശദമാക്കാമൊ എന്താണു ഉദ്ദേശിച്ചതെന്ന്

പാവം ഞാന്‍!!! said...

അത്‌ ഒരു അബദ്‌ധം പറ്റിയതാണ്‌.തിരുത്താം :)

ശ്രീ said...

പാവം രാധേട്ടന്‍‌!

ആ ദളവാ സ്റ്റൈലിലുള്ള നില്‍പ്പ് മനസ്സിള്‍‌ നിന്നും മായുന്നില്ല.

:)

ക്രിസ്‌വിന്‍ said...

പാവം രാധേട്ടന്‍
:)

Murali K Menon said...

എന്തൂട്ടിനിഷ്ടാ പേടിക്കണേ, വനം വകുപ്പുകാരു എന്തൂട്ടാ ചെയ്യാന്‍ പോണേന്ന് കാണാലാ, കേസ് കോടതീല് വരട്ടെ, അപ്പോ പുലി നേരിട്ട് കോടതീല് വന്ന് കാര്യം പറയും. പുലിയോടാ കളി!!

(എം.പി. നാരായണപിള്ളയുടെ ഒരു കഥയില്‍ പുലി കോടതിക്ക് പുറത്ത് സാക്ഷി പറയാന്‍ കാത്തുനില്‍ക്കുന്ന ഒരു ആക്ഷേപഹാസ്യം ഓര്‍മ്മിച്ചുകൊണ്ട്)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കന്‍
:)

പാവം ഞാന്‍!!! said...

താങ്ക്സ്‌ പ്രിയാ...
എല്ലാവര്‍ക്കും -ണ്ട്‌ ട്ടോ.പ്രോത്സാഹനങ്ങള്‍ക്ക്‌ നന്ദി

സഹയാത്രികന്‍ said...

ഹി..ഹി..ഹി.. ഫാവം...
:)

ദിലീപ് വിശ്വനാഥ് said...

പാവം ഞാന്‍.... പാവം പുലി.. സോറി.. പാവം രാധേട്ടന്‍.

Sethunath UN said...

അതു ക‌ലക്കി! :)

ഏ.ആര്‍. നജീം said...

ഹ ഹാ...പണ്ട് ബാലരമയില്‍ ശിക്കാരി ശംഭു വായിച്ച് ചിരിച്ചതിന് ശേഷം ഇത്രയും ആസ്വദിച്ച് ചിരിക്കുന്ന പുലിക്കഥ ഇപ്പോഴാ വായിക്കുന്നത്..

രാധേട്ടന്‍ അസ്സല് ഒന്നൊന്നര പുലി തന്നെ

Sherlock said...

രസകരം :)

പ്രയാസി said...

പാവം പുലി.. ചതിച്ചു വീഴ്ത്തിയല്ലെ..!
പുലീര കൂട്ടാര സൂക്ഷിച്ചൊ..!