Friday, November 16, 2007

ഒരു മറാഠി കല്യാണം!!!

ഇവിടെ ബാംഗ്ലൂര്‌ ഡിപ്ലോമ ചെയ്തോണ്ടിരിക്കണ സമയം.വല്യമ്മയുടെ വീട്ടില്‍ നിന്നാണ്‌ പഠനം.പഠനോ-ന്ന് ചോദിച്ചാല്‍ അതെ...എന്നാല്‍ ആണോ-ന്ന് ഉറപ്പിച്ചങ്ങ്‌ട്‌ ചോദിച്ചാല്‍ മറുപടി പറയാന്‍ ഒരിത്തിരി സമയം പിടിക്കും...നമ്മക്കെന്തൊക്കെ പണീണ്ട്‌... ഈ പാരന്റ്‌സിന്‌ ഇതൊക്കെ അറിയണ്ട വല്ല കാര്യോണ്ടോ???വെറ്‌തെ പഠി...പഠീ-ന്നങ്ങ്‌ട്‌ പരഞ്ഞാപ്പോരേ???
എക്സാമിന്റെ മുന്നോടിയായി ഉള്ള സ്റ്റഡി ലീവിന്റെ സമയം.
"ടാ...ഒരു കല്യാണം-ണ്ട്‌.നീയും വാ"
ടി.വി യില്‍ വിക്രമിന്റെ 'ദൂള്‍' കാണനിരുന്നപ്പോഴാണ്‌ വല്യമ്മയുടെ ക്ഷണം.മോഹിപ്പിക്കുന്ന ഓഫറാണെന്ന് പറയാമ്പറ്റില്ല...മുമ്പൊരു കന്നടക്കല്യാണത്തിന്റെ ക്ഷീണം ഇനീം മാറീട്ടില്യ.
ഇല നിറച്ച്‌ ഐറ്റംസ്‌ ണ്ടാവുംച്ചാലും കുരുപ്പ്‌ ടീംസ്‌ ചോറ്‌,സാമ്പാര്‍,രസം,പായസം ഇത്യാദികളൊഴിച്ച്‌ ബാക്കിയെല്ലാം ഫ്രീ ഹാന്റ്‌ ആയിട്ടാണ്‌ വെളമ്പ്വാ...കയില്‍,തവി തുടങ്ങിയ ഉപകരണങ്ങളൊന്നും ഉപയോഗിക്കില്ലാന്ന് സാരം.വെളമ്പണ കണ്ടാല്‍ ആഴമുള്ള കിണറ്റും പള്ളേന്ന് താഴോട്ട്‌ നോക്കണ ഒരു ഫീലിങ്ങാ ...കൊടലിങ്ങനെ മറിയും..
ഇതൊക്കെ ഓര്‍ത്ത്‌ ഞാനാ ഓഫര്‍ ഒന്നു നിരസിച്ചെങ്കിലും,
"ടാ,ഇത്‌ കന്നട കല്യാണല്ലെടാ,മറാഠികള്‍ടെയാ"-ന്ന് പറഞ്ഞ്‌ വല്യമ്മ എന്റെ മനസ്‌ മാറ്റാന്‍ ശ്രമിച്ചു.അതും പോരാഞ്ഞ്‌ ഷാഹി കബാബ്‌,മട്ടണ്‍ കുറുമ,ചിക്കന്‍ ടിക്ക തുറ്റങ്ങി ഒരു കൂട്ടം ഐറ്റംസിന്റെ പേരുകളങ്ങ്‌ട്‌ പറഞ്ഞപ്പോ എന്റെയുള്ളിലെ ദുര്‍ബലമനസ്കന്‍ അറിയാതെ കുളിച്ച്‌ റെഡിയായിപ്പോയി.
നല്ല ചുമയുള്ളതു കാരണം ചേച്ചിയുടെ കയ്യീന്ന് കുറച്ച്‌ കഫ്‌ സിറപ്പും വാങ്ങിക്കുടിച്ച്‌ ഞാന്‍ വല്യമ്മേടെ കൂടെ മാലൂര്‍ക്ക്‌ തിരിച്ചു.അവിടെ എത്തുമ്പോ സമയം നട്ടുച്ചയാവാറായി.വിശപ്പ്‌ വയറിന്റുള്ളില്‍ പഞ്ചാരി മേളമടിക്ക്യാ.....കഫ്‌ സിറപ്പും പണിതുടങ്ങിക്കഴിഞ്ഞു...കണ്ണൊക്കെ ഇങ്ങിനെ അടഞ്ഞടഞ്ഞ്‌ പോവ്വ്വാ...
പലതരത്തില്‍ വറുത്തും പൊരിച്ചും വെച്ചിരിക്കുന്ന ആട്ടിങ്കിടാങ്ങളേം,വൈറ്റ്‌ ലഗോണ്‍ ചാത്തന്മാരേം സ്വപ്നം കണ്ട്‌,ആദ്യത്തെ പന്തിക്ക്‌ തന്നെ ഇരിക്ക്യാന്‍ പറ്റ്വോ-ന്നൊക്കെ ആലോചിച്ച്‌ ഞാന്‍ കല്യാണവീട്ടിലേക്ക്‌ നടന്നു.
അവിടെയെത്തി ഓരോ ഗ്ലാസ്‌ നാരങ്ങാവെള്ളം തന്ന് ഒരു മൂലയ്ക്ക്‌ ഇരുത്തിയതല്ലാതെ ആരും നമ്മുടെ മെയിന്‍ അജണ്ടയെപ്പറ്റി വായ തുറക്കുന്നില്ല...ഇനീപ്പൊ ഫുഡ്‌ ഇവിടെയല്ല്ലാ-ന്ന്‌ണ്ടോ ആവോ???
സമയം ഇങ്ങനെ പോവ്വ്വാ...ഒരു ഒന്നൊന്നരയായപ്പോ കല്യാണചെക്കന്റെ ചേട്ടനോട്‌ വല്യമ്മ മെല്ലെ ചോദിച്ചു:
"ധന്‍സിംഗ്‌,ആള്‍ക്കാരെയൊക്കെ കഴിക്കാന്‍ വിളിക്കാറായില്ലേ???"
പാവം വല്യമ്മ,എന്റെ ദയനീയാവസ്ഥ കണ്ട്‌ ചോദിച്ചു പോയതാണ്‌പക്ഷേ അങ്ങോര്‌ പറഞ്ഞ മറുപടി കേട്ട്‌ എന്റെ സപ്തനാഡികളും ഒരു സെക്കന്റ്‌ പണിമുടക്കിലായി....
"ഒരഞ്ച്‌ മിനിട്ട്‌ ചേച്ചി...ഇപ്പ റെഡിയാവും...ആടിനെ വെട്ടാന്‍ കൊണ്ടോയിട്ട്‌ണ്ട്‌..."
ഞാന്‍ ഒരു ഗ്ലാസ്‌ വെള്ളം കിട്ട്വോന്നറിയാന്‍ ചുറ്റും നോക്കി.
ഗുണപാഠം:ആക്രാന്തം കാണിച്ച്‌ ഓഫറുകള്‍ സ്വീകരിക്കുന്നതിനു മുമ്പ്‌ വരും വരായ്കകളെക്കുറിച്ച്‌ ആലോചിക്ക്യ

3 comments:

Murali K Menon said...

അപ്പോ പറയായിരുന്നില്ലേ ആ ആടിനെ വെട്ടാന്‍ കൊണ്ടേണേനു പകരം എന്നെ അങ്ങട് കൊല്ല്‌ന്ന്. പാവം താന്‍....
ഒരു പനീടെ ഗുളികേം കൂടി കഴിച്ച് മൂടിപ്പുതച്ചുറങ്ങിക്കോ. അല്ല പിന്നെ ചൊമേം കൊരേം ഒക്കെയുള്ള ആളാണു വറത്തതും പൊരിച്ചതും അടിക്കാന്‍ പോയ്ക്കണതേ...

നന്നായിട്ടുണ്ട് എഴുത്ത്.

ദിലീപ് വിശ്വനാഥ് said...

പാവം ഞാന്‍.. അല്ല.. പാവം താന്‍.

പ്രയാസി said...

അപ്പ മറാഠികളു വിളിച്ചാ പോണ്ടല്ലെ..:)