Tuesday, August 24, 2010

ഇന്നത്തെ കേരള...ഇന്നത്തെ ഇന്ത്യ !!!

പുവര്‍ മലയാളീസിനെ ജീവിക്കാന്‍ സമ്മതിക്കില്ലാന്നു വെച്ചാല്‍ കുറച്ച്‌ കഷ്‌ടം തന്നെ...നല്ലോരു ഓണമായിട്ട്‌ വീട്ടിലിരുന്നും,ബാറിലിരുന്നും കുടിച്ചും,പാതവക്കത്ത്‌ 'ട' കത്തി പോലെ ചുരുണ്ടും വളഞ്ഞും, കുടിപ്പിച്ച സര്‍ക്കാരിനെയും തെറി വിളിച്ചു കിടന്ന നമ്മളെ "ഓണനാളില്‍ കേരളം കുടിച്ചു തീര്‍ത്തത്‌ 20.8 കോടിയുടെ മദ്യം" എന്ന് വെണ്ടക്കയിലാക്കി 'ഝൂക്കെന്ന്' എയര്‍ ചെയ്‌ത്‌ ചാനലില്‍ക്കാണിച്ചും,പത്രവാര്‍ത്ത കൊടുത്തും നാറ്റിച്ചുകളഞ്ഞില്ലെ?ഇനി നമ്മള്‍ പാവം മലയാളീസിനെക്കുറിച്ച്‌ അന്യഫാഷക്കാര്‍ എന്ത്‌ കരുതും?അല്ലെങ്കില്‍ തന്നെ മൈക്കാട്‌ പണിയ്ക്ക്‌ വന്ന തമിഴന്മാരും,തെലുങ്കന്മാരും,ഒറീസാ,ബീഹാര്‍,ബംഗാള്‌കാരും ഏകദേശമൊക്കെ കരുതിക്കഴിഞ്ഞു...സ്വന്തം നാട്ടില്‌ പത്ത്‌ കാശിന്റെ പണിയെടുക്കാത്തവരാണെന്നും,പണിയെടുക്കാന്‍ മുട്ടിയാല്‍ അപ്പോ ഗള്‍ഫിലേക്കോ അമേരിക്കായ്ക്കോ...കയ്യില്‍ പാസ്‌പോര്‍ട്ടില്ലെങ്കില്‍ ചെന്നൈയിലേക്കോ ബാംഗ്ലൂരിലേക്കോ ഓടുന്നവന്മാരായത്‌ കൊണ്ടല്ലേടാ ഗഡ്യേ ഇവറ്റകള്‍ നമ്മളെ ചെല്ലും ചിലവും തന്ന് താമസിപ്പിച്ചിരിക്കണേ-ന്ന് പള്ളിമുക്ക്‌ ജംഗ്ഷനില്‍ വെച്ച്‌ ഒരു ബീഹാറി വേറൊരു തെലുങ്കനോട്‌ പറയുന്നത്‌ ഞാന്‍ കേട്ടതാണ്‌....

അങ്ങനെ നമ്മള്‍ ടോട്ടല്‍ മലയാളീസും മറ്റു സംസ്ഥാനക്കാരുടെ മുമ്പില്‍ ഇങ്ങനെ പബ്ലിക്‌ക്‍സ്റ്റേജില്‍ വെച്ച്‌ ആടുതോമ സ്റ്റൈലില്‍ അണ്ടര്‍വെയര്‍ മാത്രമിട്ട്‌ നില്‍ക്കുന്ന ഈ അവസരത്തില്‍, നമ്മുടെ സ്വന്തം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ കാണിച്ച ഈ പരിപാടി ശരിയാണോ? നമ്മള്‍ പാവം മലയാളീസിനു ഭാഗ്യം പരീക്ഷിയ്ക്കാന്‍ വേണ്ടി അന്യ സംസ്ഥാനത്ത്‌ നിന്നും കൊണ്ടു വന്ന 30 ലക്ഷം ലോട്ടറി ടിക്കറ്റല്ലേ ഇവര്‌ വാളയാര്‍ ചെക്‌ക്‍പോസ്റ്റില്‍ വെച്ച്‌ പിടിച്ചത്‌?ഈ മാസം 30നും31നും നറുക്കെടുക്കുന്ന ഭാഗ്യക്കുറികളാണത്രേ ഇത്‌...പാവം നമ്മള്‍ മലയാളീസ്‌,ഹോട്ടലില്‍ എച്ചിലെടുത്തും,വാര്‍ക്കപ്പണി ചെയ്‌തും,കപ്പലണ്ടി വിറ്റും കഷ്‌ടപ്പെട്ട്‌ സമ്പാദിക്കുന്ന കാശു കൊടുത്ത്‌ വാങ്ങേണ്ട്യിരുന്ന ടിക്കറ്റുകളായിരുന്നില്ലേ അതൊക്കെ? ആര്‍ക്കറിയാം ഏതെങ്കിലും ചെറ്റക്കുടിലില്‍ താമസിക്കുന്ന ഒരു ഭാഗ്യവാനാവില്ല നാളത്തെ ലക്ഷാധിപതിയെന്ന്???

വാണിജ്യ നികുതി ഉദ്യോഗസ്ഥന്മാര്‍ ഈ 30 ലക്ഷത്തിനു മുകളില്‍ ചാര്‍ഠിയിരിക്കുന്ന കുറ്റം വളരെ ചെറുതാണ്‌...സോ സിമ്പിള്‍...ഒരു നയാ പൈസ പോലും ടാക്‍സടയ്ക്കാതെയാണത്രേ ഈ ലോട്ടറിയത്രയും ചാക്കു കണക്കിന്‌ ലോറിയില്‍ കടത്തിയിരിക്കുന്നത്‌...(ലോട്ടറി ചാക്കുകളിലായിരുന്നു എന്നത്‌ എന്റെയൊരു ഭാവനാവിലാസമാണ്‌...എഴുതുമ്പോള്‍ ഒരു ഇത്‌ കിട്ടണ്ടേ...?)ഇന്ത്യന്‍ കോഫീ ഹൗസില്‍ കോട്ടും തലപ്പാവുമിട്ട സപ്ലയര്‍മാര്‍ ബില്ല് കൊണ്ട്‌ വരുന്നത്‌ പോലെ 34 ലക്ഷത്തിന്റെ ഒരു ബില്ലും അണ്ണന്മാര്‍ താലത്തിലാക്കി ലോട്ടറി വിതരണക്കാരായ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിനു കൊടുത്തത്രേ...ജസ്‌റ്റ്‌ 34 ലാക്ക്‌സ്‌ എന്നും പറഞ്ഞ്‌...

എന്റമ്മോ 34 ലക്ഷം!!!കേരളത്തില്‍ വലിയ തരക്കേടില്ലാത്ത ഒരു വീട്‌ വാങ്ങാനുള്ള കാശ്‌...ഇങ്ങനെ എത്ര മുപ്പത്തിനാല്‌ ലക്ഷങ്ങള്‍ ഇതേ വാളയാര്‍ പാലത്തിനു മോളിലൂടെ ഒഴുകീട്ടുണ്ടാവും???താഴെക്കൂടെ വെള്ളമല്ല,മണല്‍ ലോറികളാണല്ലോ ഓടുന്നത്‌? ഇത്‌ വായിക്കുന്ന ചിലര്‍ക്കെങ്കിലും തോന്നിക്കാണും ഇവനെന്തൊരു കൊഞ്ഞാണനെടേയ്‌?ഇവനൊന്നും ഇന്ത്യയിലല്ലേ താമസം?വല്ല അന്യഗ്രഹത്തീന്നും വന്നതാണോ എന്നൊക്കേ...ഐ എഗ്രീ...ആദ്യത്തെ വിശേഷണമൊഴിച്ച്‌...ദയവു ചെയ്‌ത്‌ കൊഞ്ഞാണനെന്ന് എന്നെ വിളിയ്ക്കരുത്‌...അതൊക്കെ കഷ്ടപ്പെട്ട്‌ ഐ.എ.എസ്‌ പാസാവുന്നവരെ വിളിക്കാനുള്ള പേരുകളല്ലേ ഡിയര്‍ വണ്‍സ്‌?ബാക്കിയൊക്കെ ഞാന്‍ സമ്മതിച്ചു തരുന്നു...മാര്‍ച്ച്‌ മൂന്നാം തിയതി വന്ന ഒരു പോസ്‌റ്റ്‌ അനുസരിച്ച്‌ നമ്മുടെ നാട്ടിലെ ബിസിനസ്‌,മന്ത്രി ഐ.എ.എസ്‌,ഐ.പി.എസ്‌ പുങ്കന്മാര്‍...സോറി..പുംഗവന്മാര്‍ തിരിച്ചും,മറിച്ചും,ഹരിച്ചും,ഗുണിച്ചും സ്വിസ്‌ ബാങ്കില്‍ ഡെപ്പോസിറ്റ്‌ ചെയ്‌ത കള്ളപ്പണം ഏകദേശം ഇന്ത്യ ഐ.എം.എഫില്‍ നിന്നും,ലോക ബാങ്കില്‍ നിന്നും വാങ്ങിക്കൂട്ടിയ കടത്തിന്റെ പതിമൂന്ന് ഇരട്ടി വരുമത്രേ...എന്നുവെച്ചാല്‍ 45 കോടി ദരിദ്രനാരായണന്മാര്‍ക്ക്‌ രൂപാ ഒരു ലക്ഷം വെച്ച്‌ കൊടുത്താലും തീരാത്ത അത്രയും...ഈക്കാര്യത്തില്‍ ഒരു ഒളിമ്പിക്‍സ്‌ വെച്ചാല്‍ സ്വര്‍ണ്ണം നമുക്ക്‌ തന്നെ കിട്ടുമെന്നാണു പുലികള്‍ പറയുന്നത്‌

ഇനിയിപ്പോ ആര്‍ക്കെങ്കിലും ഡോളര്‍ കണക്കില്‍ വേണമെങ്കില്‍ ദേ പിടിച്ചോ : ഇന്ത്യ -$1456 ബില്ല്യണ്‍,രണ്ടാം സ്ഥാനം നമ്മടെ സ്വന്തം റഷ്യയ്ക്ക്‌ - വെറും 470 ബില്ല്യണ്‍ ഡോളര്‍.മൂന്നാം സ്ഥാനം 370 ബില്ല്യണ്‍ ഡോളറുള്ള ബ്രിട്ടണ്‌...ഉക്രെയിനും മധുരമനോജ്ഞ ചൈനയും നാലും അഞ്ചും സ്ഥാനം കൊണ്ട്‌ തൃപ്‌തരാണ്‌...ജസ്‌റ്റ്‌ 100 ബില്ല്യണ്‍ ഡോളറും,96 ബില്ല്യണ്‍ ഡോളറും...ബ്രായ്ക്കറ്റില്‍ റെസ്‌പെക്‍റ്റീവ്‌ലി...

ഈ റെസ്‌പെക്‍റ്റീവ്‌ലി എന്നത്‌ കൊണ്ട്‌ ഉദ്ധ്യേശിക്കുന്നത്‌ ബഹുമാനപൂര്‍വ്വം എന്നാണോ എന്ന് സത്യമായിട്ടും എനിക്കറിഞ്ഞു കൂട ട്ടൊ...പാവം ഞാന്‍...പാവം ഇന്ത്യ..ജയ്‌ ഹോ!!!

1 comment:

Jaravind said...

Athallenkil thanne malayaliye kurichu madyathine kurichu marunatukarkku valya abhiprayamilla.. Keralatheennalle . enkil vellamadikkille ennu chodikendenne nammude utharendyakkaru mukhathu nokki parayane !!!! Ithum koodi aayappo poorthiyaayi....hehe