Tuesday, August 24, 2010

ഇന്നത്തെ കേരള...ഇന്നത്തെ ഇന്ത്യ !!!

പുവര്‍ മലയാളീസിനെ ജീവിക്കാന്‍ സമ്മതിക്കില്ലാന്നു വെച്ചാല്‍ കുറച്ച്‌ കഷ്‌ടം തന്നെ...നല്ലോരു ഓണമായിട്ട്‌ വീട്ടിലിരുന്നും,ബാറിലിരുന്നും കുടിച്ചും,പാതവക്കത്ത്‌ 'ട' കത്തി പോലെ ചുരുണ്ടും വളഞ്ഞും, കുടിപ്പിച്ച സര്‍ക്കാരിനെയും തെറി വിളിച്ചു കിടന്ന നമ്മളെ "ഓണനാളില്‍ കേരളം കുടിച്ചു തീര്‍ത്തത്‌ 20.8 കോടിയുടെ മദ്യം" എന്ന് വെണ്ടക്കയിലാക്കി 'ഝൂക്കെന്ന്' എയര്‍ ചെയ്‌ത്‌ ചാനലില്‍ക്കാണിച്ചും,പത്രവാര്‍ത്ത കൊടുത്തും നാറ്റിച്ചുകളഞ്ഞില്ലെ?ഇനി നമ്മള്‍ പാവം മലയാളീസിനെക്കുറിച്ച്‌ അന്യഫാഷക്കാര്‍ എന്ത്‌ കരുതും?അല്ലെങ്കില്‍ തന്നെ മൈക്കാട്‌ പണിയ്ക്ക്‌ വന്ന തമിഴന്മാരും,തെലുങ്കന്മാരും,ഒറീസാ,ബീഹാര്‍,ബംഗാള്‌കാരും ഏകദേശമൊക്കെ കരുതിക്കഴിഞ്ഞു...സ്വന്തം നാട്ടില്‌ പത്ത്‌ കാശിന്റെ പണിയെടുക്കാത്തവരാണെന്നും,പണിയെടുക്കാന്‍ മുട്ടിയാല്‍ അപ്പോ ഗള്‍ഫിലേക്കോ അമേരിക്കായ്ക്കോ...കയ്യില്‍ പാസ്‌പോര്‍ട്ടില്ലെങ്കില്‍ ചെന്നൈയിലേക്കോ ബാംഗ്ലൂരിലേക്കോ ഓടുന്നവന്മാരായത്‌ കൊണ്ടല്ലേടാ ഗഡ്യേ ഇവറ്റകള്‍ നമ്മളെ ചെല്ലും ചിലവും തന്ന് താമസിപ്പിച്ചിരിക്കണേ-ന്ന് പള്ളിമുക്ക്‌ ജംഗ്ഷനില്‍ വെച്ച്‌ ഒരു ബീഹാറി വേറൊരു തെലുങ്കനോട്‌ പറയുന്നത്‌ ഞാന്‍ കേട്ടതാണ്‌....

അങ്ങനെ നമ്മള്‍ ടോട്ടല്‍ മലയാളീസും മറ്റു സംസ്ഥാനക്കാരുടെ മുമ്പില്‍ ഇങ്ങനെ പബ്ലിക്‌ക്‍സ്റ്റേജില്‍ വെച്ച്‌ ആടുതോമ സ്റ്റൈലില്‍ അണ്ടര്‍വെയര്‍ മാത്രമിട്ട്‌ നില്‍ക്കുന്ന ഈ അവസരത്തില്‍, നമ്മുടെ സ്വന്തം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ കാണിച്ച ഈ പരിപാടി ശരിയാണോ? നമ്മള്‍ പാവം മലയാളീസിനു ഭാഗ്യം പരീക്ഷിയ്ക്കാന്‍ വേണ്ടി അന്യ സംസ്ഥാനത്ത്‌ നിന്നും കൊണ്ടു വന്ന 30 ലക്ഷം ലോട്ടറി ടിക്കറ്റല്ലേ ഇവര്‌ വാളയാര്‍ ചെക്‌ക്‍പോസ്റ്റില്‍ വെച്ച്‌ പിടിച്ചത്‌?ഈ മാസം 30നും31നും നറുക്കെടുക്കുന്ന ഭാഗ്യക്കുറികളാണത്രേ ഇത്‌...പാവം നമ്മള്‍ മലയാളീസ്‌,ഹോട്ടലില്‍ എച്ചിലെടുത്തും,വാര്‍ക്കപ്പണി ചെയ്‌തും,കപ്പലണ്ടി വിറ്റും കഷ്‌ടപ്പെട്ട്‌ സമ്പാദിക്കുന്ന കാശു കൊടുത്ത്‌ വാങ്ങേണ്ട്യിരുന്ന ടിക്കറ്റുകളായിരുന്നില്ലേ അതൊക്കെ? ആര്‍ക്കറിയാം ഏതെങ്കിലും ചെറ്റക്കുടിലില്‍ താമസിക്കുന്ന ഒരു ഭാഗ്യവാനാവില്ല നാളത്തെ ലക്ഷാധിപതിയെന്ന്???

വാണിജ്യ നികുതി ഉദ്യോഗസ്ഥന്മാര്‍ ഈ 30 ലക്ഷത്തിനു മുകളില്‍ ചാര്‍ഠിയിരിക്കുന്ന കുറ്റം വളരെ ചെറുതാണ്‌...സോ സിമ്പിള്‍...ഒരു നയാ പൈസ പോലും ടാക്‍സടയ്ക്കാതെയാണത്രേ ഈ ലോട്ടറിയത്രയും ചാക്കു കണക്കിന്‌ ലോറിയില്‍ കടത്തിയിരിക്കുന്നത്‌...(ലോട്ടറി ചാക്കുകളിലായിരുന്നു എന്നത്‌ എന്റെയൊരു ഭാവനാവിലാസമാണ്‌...എഴുതുമ്പോള്‍ ഒരു ഇത്‌ കിട്ടണ്ടേ...?)ഇന്ത്യന്‍ കോഫീ ഹൗസില്‍ കോട്ടും തലപ്പാവുമിട്ട സപ്ലയര്‍മാര്‍ ബില്ല് കൊണ്ട്‌ വരുന്നത്‌ പോലെ 34 ലക്ഷത്തിന്റെ ഒരു ബില്ലും അണ്ണന്മാര്‍ താലത്തിലാക്കി ലോട്ടറി വിതരണക്കാരായ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിനു കൊടുത്തത്രേ...ജസ്‌റ്റ്‌ 34 ലാക്ക്‌സ്‌ എന്നും പറഞ്ഞ്‌...

എന്റമ്മോ 34 ലക്ഷം!!!കേരളത്തില്‍ വലിയ തരക്കേടില്ലാത്ത ഒരു വീട്‌ വാങ്ങാനുള്ള കാശ്‌...ഇങ്ങനെ എത്ര മുപ്പത്തിനാല്‌ ലക്ഷങ്ങള്‍ ഇതേ വാളയാര്‍ പാലത്തിനു മോളിലൂടെ ഒഴുകീട്ടുണ്ടാവും???താഴെക്കൂടെ വെള്ളമല്ല,മണല്‍ ലോറികളാണല്ലോ ഓടുന്നത്‌? ഇത്‌ വായിക്കുന്ന ചിലര്‍ക്കെങ്കിലും തോന്നിക്കാണും ഇവനെന്തൊരു കൊഞ്ഞാണനെടേയ്‌?ഇവനൊന്നും ഇന്ത്യയിലല്ലേ താമസം?വല്ല അന്യഗ്രഹത്തീന്നും വന്നതാണോ എന്നൊക്കേ...ഐ എഗ്രീ...ആദ്യത്തെ വിശേഷണമൊഴിച്ച്‌...ദയവു ചെയ്‌ത്‌ കൊഞ്ഞാണനെന്ന് എന്നെ വിളിയ്ക്കരുത്‌...അതൊക്കെ കഷ്ടപ്പെട്ട്‌ ഐ.എ.എസ്‌ പാസാവുന്നവരെ വിളിക്കാനുള്ള പേരുകളല്ലേ ഡിയര്‍ വണ്‍സ്‌?ബാക്കിയൊക്കെ ഞാന്‍ സമ്മതിച്ചു തരുന്നു...മാര്‍ച്ച്‌ മൂന്നാം തിയതി വന്ന ഒരു പോസ്‌റ്റ്‌ അനുസരിച്ച്‌ നമ്മുടെ നാട്ടിലെ ബിസിനസ്‌,മന്ത്രി ഐ.എ.എസ്‌,ഐ.പി.എസ്‌ പുങ്കന്മാര്‍...സോറി..പുംഗവന്മാര്‍ തിരിച്ചും,മറിച്ചും,ഹരിച്ചും,ഗുണിച്ചും സ്വിസ്‌ ബാങ്കില്‍ ഡെപ്പോസിറ്റ്‌ ചെയ്‌ത കള്ളപ്പണം ഏകദേശം ഇന്ത്യ ഐ.എം.എഫില്‍ നിന്നും,ലോക ബാങ്കില്‍ നിന്നും വാങ്ങിക്കൂട്ടിയ കടത്തിന്റെ പതിമൂന്ന് ഇരട്ടി വരുമത്രേ...എന്നുവെച്ചാല്‍ 45 കോടി ദരിദ്രനാരായണന്മാര്‍ക്ക്‌ രൂപാ ഒരു ലക്ഷം വെച്ച്‌ കൊടുത്താലും തീരാത്ത അത്രയും...ഈക്കാര്യത്തില്‍ ഒരു ഒളിമ്പിക്‍സ്‌ വെച്ചാല്‍ സ്വര്‍ണ്ണം നമുക്ക്‌ തന്നെ കിട്ടുമെന്നാണു പുലികള്‍ പറയുന്നത്‌

ഇനിയിപ്പോ ആര്‍ക്കെങ്കിലും ഡോളര്‍ കണക്കില്‍ വേണമെങ്കില്‍ ദേ പിടിച്ചോ : ഇന്ത്യ -$1456 ബില്ല്യണ്‍,രണ്ടാം സ്ഥാനം നമ്മടെ സ്വന്തം റഷ്യയ്ക്ക്‌ - വെറും 470 ബില്ല്യണ്‍ ഡോളര്‍.മൂന്നാം സ്ഥാനം 370 ബില്ല്യണ്‍ ഡോളറുള്ള ബ്രിട്ടണ്‌...ഉക്രെയിനും മധുരമനോജ്ഞ ചൈനയും നാലും അഞ്ചും സ്ഥാനം കൊണ്ട്‌ തൃപ്‌തരാണ്‌...ജസ്‌റ്റ്‌ 100 ബില്ല്യണ്‍ ഡോളറും,96 ബില്ല്യണ്‍ ഡോളറും...ബ്രായ്ക്കറ്റില്‍ റെസ്‌പെക്‍റ്റീവ്‌ലി...

ഈ റെസ്‌പെക്‍റ്റീവ്‌ലി എന്നത്‌ കൊണ്ട്‌ ഉദ്ധ്യേശിക്കുന്നത്‌ ബഹുമാനപൂര്‍വ്വം എന്നാണോ എന്ന് സത്യമായിട്ടും എനിക്കറിഞ്ഞു കൂട ട്ടൊ...പാവം ഞാന്‍...പാവം ഇന്ത്യ..ജയ്‌ ഹോ!!!

Thursday, August 19, 2010

ഞാന്‍ പിന്നേം വന്നൂട്ടോ...


ജീവിതപ്രാരാബ്‌ദങ്ങളുടേം, ബാക്കി അലുക്കുലുത്ത്‌ സെറ്റപ്പുകളുടേം ഇടയ്ക്ക്‌ പെട്ട്‌ പോയത്‌ കാരണം ചെറ്യോരു ഗ്യാപ്പ്‌ വന്നിര്‌ന്നൂ...(ചെറുതെന്ന് വെച്ചാല്‍ ഒരു രണ്ട്‌-രണ്ടരക്കൊല്ലത്തെ)
ഇന്ന് കാലത്തേ യാതൊരു കാര്യോമില്ലാതെ ഇടത്തേക്കയ്യില്‍ കട്ടന്റെ ഗ്ലാസും വലത്തേക്കയ്യില്‍ മൗസും പിടിച്ച്‌ ഒരു കോട്ടുവായും ഇട്ട്‌ ഇരിക്കുന്ന നേരത്ത്‌ അബദ്ധത്തില്‍ നമ്മടെ വിശാല്‍ജിയുടേം,ബെര്‍ളിച്ചായന്റെ ബ്ലോഗുകളില്‍ പിന്നേം കേറി...അപ്പോ ഒരു ചിന്ത...ദൈവമേ ഈ ലക്ഷക്കണക്കിനു ബ്ലോഗര്‍മാരൊക്കെ ക്കൂടെ ഇവരെ ചുമ്മാ അങ്ങ്‌ സൂപ്പര്‍സ്റ്റാറുകളാക്ക്വാണല്ലോന്ന്...മമ്മുക്കയും, ലാലേട്ടനുമുള്ള മലയാള സിനിമയില്‍ ഒരു പൃഥ്വിരാജില്ലാതിരുന്നാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച്‌ നോക്ക്യേ...ഹൗ! എനിക്ക്‌ ചിന്തിക്കാന്‍ പോലും പറ്റണില്ല്യ... :-)

അപ്പോ ഞാനിവിടെയൊക്കെത്തന്നെ ണ്ടാവും ട്ടോ...
തല്‍ക്കലം ഇതിരിക്കട്ടെ...

Wednesday, December 19, 2007

കരടിനെയ്യ്‌

ഞാന്‍ ലേറ്റ്‌ നയന്റീനില്‍ നിന്നും ഏര്‍ളി റ്റ്വെന്റീസിലേക്ക്‌ പ്രവേശിക്കുന്ന ശുഭമുഹൂര്‍ത്തം.പാരമ്പര്യമായിട്ട്‌ തലമുടി വളര്‍ച്ചാനിരക്ക്‌ വളരെയേറെ കൂടുതലായതിനാല്‍ മാസത്തില്‍ 2 പ്രാവശ്യം "ഈ രോമം"-ന്ന് മനസില്‍ പ്രാകീട്ട്‌ ബാര്‍ബര്‍ ഗോപിയുടെ ഹെയര്‍കട്ടിംഗ്‌-കം-ഹെയര്‍ സ്റ്റെയിലിംഗ്‌-കം മെന്‍സ്‌ ബ്യൂട്ടിപാര്‍ലറിലെ കറങ്ങുന്ന കസേരയില്‍ തല വെച്ചു കൊടുക്കേണ്ട ഗതികേടാണെങ്കിലും,മൂക്കിനും,വായ്ക്കും ഇടയിലുള്ള ഗ്യാപ്പ്‌ എക്സ്പ്രസ്സ്‌ ഹൈവേ പോലെ,ചമ്പല്‍ക്കാടുകള്‍ പോലെ തരിശ്‌,ശുദ്ധശൂന്യം...ചുരുക്കത്തില്‍ 20 വയസായിട്ടും കുട്ടി 'മീശമാധവ'നായില്ലാ-ന്ന് സാരം.
അതും കൂടെയുള്ള അനീഷ്‌,അനി,സ്മിതേഷ്‌,മുതല്‍പേര്‍ നല്ല ശേഷിയും ശേമുഷിയുമുള്ള 'ഘടാഘടിയന്‍' മീശേം പിരിച്ചു നടക്കുമ്പോ നമ്മള്‌ മാത്രം 6-ാ‍ം ക്ലാസ്സീന്ന് ഡബിള്‍ പ്രമോഷന്‍ കിട്ടി ഹൈസ്കൂളിലെത്തിയ കുട്ടിയെപ്പോലെ...ഛായ്‌!ലജ്ജാവഹം!!!
അവാര്‍ഡ്‌ പടത്തിന്റെ സെക്കന്റ്‌ ഷോ കാണാന്‍ കയറിയവരെപ്പോലെ ഒറ്റയ്ക്കും,തെറ്റയ്ക്കും,അങ്ങിങ്ങു പൊടിച്ചു നിന്നിരുന്ന പൊടിപ്പുകളെ കണ്ണാടിയില്‍ നോക്കി ചെന്തമിഴിലും,മുത്തമിഴിലും,മാറി മാറി തെറി വിളിക്കുകയും,
"മമ്മൂട്ടിയുടെ അത്രേം കട്ടിയില്ലെങ്കിലും,ഒരു ബിജു മേനോന്‍ മീശയുടെ അത്രയെങ്കിലും പുഷ്ടി തരണേ ദേവീ"-ന്ന് വടക്കന്തറക്കവിലമ്മയോടും,മണപ്പുള്ളിക്കാവിലമ്മയോടും മാറി മാറി പ്രാര്‍ത്‌ഥിച്ചിരുന്നെങ്കിലും, 2 വള്ളത്തിലും കാല്‍ ചവിട്ടി നില്‍ക്കുന്നവന്‍ എന്ന അവഗണനയാണോ,"പിന്നെ,ഇതാണിപ്പ വല്യ കാര്യം,നാണല്ല്യേ ഇച്ചെക്കന്‌ ഇങ്ങനത്തെ പ്രാര്‍ത്ഥനയൊക്കെ നടത്താന്‍" എന്ന്‌ള്ള മെന്റാലിറ്റിയാണോ-ന്നറിയില്ല നോ ഫലം.
ഒരു ദിവസം,വളരെ അത്യാവശ്യമായി മമ്മൂട്ടിയുടെ 'ഗോഡ്‌മാന്‍' റിലീസിംഗ്‌ ഷോ തന്നെ കാണേണ്ടതു കൊണ്ട്‌ ശകടോം കാത്ത്‌ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുന്ന ടൈം.ബസ്‌സ്റ്റോപ്പില്‍ മേഴ്സി,വിക്ടോറിയാ,ചിന്മയാ,കോ-ഓപറേറ്റീവ്‌ കോളേജുകളുടെ അഭിമാനഭാജനങ്ങളായ,രമ്യ,നസ്രത്ത്‌,സുധ,സുമി തുടങ്ങിയ പ്രിയതാരങ്ങളും,കാണിക്കമാതയിലേയും,മോയന്‍സിലേയും അസഖ്യം പൊടിക്‌ടാങ്ങളും,പിന്നെ ചേട്ടനും മാത്രം.
അപ്പഴാണ്‌ ശനിക്ക്‌ ഗുളികനിലുണ്ടായത്‌ പോലുള്ള ഒരു മഹദ്‌വ്യക്തി അവതരിക്കുന്നത്‌,അല്ലെങ്കില്‍ പ്രത്യക്ഷപ്പെടുന്നത്‌ ...
മറ്റാരുമല്ല എ ലാടവൈദ്യന്‍-കം-കോടങ്കി.
കുളിച്ച്‌ കുറിതൊട്ട്‌ സുന്ദരകളേബരനായി നിന്നിരുന്ന എന്നെ ആപാദചൂഡം ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട്‌ ഒസാമാ ബിന്‍ ലാഡന്‍ ഉവാച:
"ശാാാര്‍!കസ്തൂരി വേണുമാ???"
തിരിച്ച്‌ ഞാനും ഒരു നോട്ടം പാസ്സ്‌ ചെയ്തു
'പോഡേയ്‌...പോഡേയ്‌'-ന്ന്‌ള്ള റോളില്‍.
കണ്ടകശ്ശനി കൊണ്ടേ പോവൂ-ന്നാണല്ലോ? പിശാശ്‌ വിട്ട്‌ പോവാനുള്ള ഉദ്ദ്യേശമില്ല
"ശാാാാാാാാര്‍...രുദ്രാക്ഷം വേണുമാ???ഹിമാലയത്തിലിറുന്ത്‌ കൊണ്ട്‌വരപ്പെട്ട പഞ്ചമുഖ രുദ്രാക്ഷം,നേപ്പാളത്തിലിരുന്ത്‌ കൊണ്ട്‌വന്ത ആാാായിരം വര്‍ഷം പലയ സാളഗ്രാമം...വേനുമാ ശാാാാാാാാാര്‍"
പിന്നേ....യെവനാര്‌ മൊബൈല്‍ ആന്റിക്ക്‌ ഷോറൂമോ???
ഉള്ളിലെവിടെയോ ഇരുന്ന് എന്റെ 'പുച്ഛ ഗ്ലാന്റ്‌' 100 മില്ലി പുച്ഛ രസം കൂടുതലൊഴുക്കി
എന്റെ മുഖത്തെ പുച്ഛം വായിച്ചറിഞ്ഞ മിസ്റ്റര്‍.ലാടന്‍ ഡബിള്‍ പുച്ഛത്തില്‍ അടുത്ത ഐറ്റം അനൗണ്‍സ്‌ ചെയ്തു!!!
"ശാാാാാാാാര്‍....നല്ല കരടിനെയ്യിരുക്ക്‌ ശാാാാാാാാര്‍.വീരപ്പനെ പോലെ മീസൈ വന്തിടും.എടുക്കട്ടാ ശാാാാാാര്‍!"
തൊട്ടടുത്ത്‌ നിന്നിരുന്ന സുരയുടെ ഓട്ടോയിലേക്ക്‌ ഞാന്‍ ഡൈവ്‌ ചെയ്യുന്നത്‌ ജെറ്റ്‌ലി കണ്ടിരുന്നെങ്കില്‍ ആളുടെ അടുത്ത പടത്തിന്റെ സ്റ്റണ്ട്‌ കോ-ഓര്‍ഡിനേഷന്‍ എന്നെ കൊണ്ട്‌ നടത്തിച്ചേനേ...
ബൈ ദ വേ, ചമ്മല്‍സ്‌ കാരണമല്ലാ-ട്ടോ ഞാന്‍ ഓട്ടോയില്‍ കേറി സ്കൂട്ടായത്‌,ഇനീം വൈകിയാല്‍ പടത്തിന്റെ ടിക്കറ്റ്‌ 'സോള്‍ഡ്‌ ഔട്ട്‌' ആവും-ന്ന്‌ള്ളതോണ്ടാണ്‌...ബ്ലൈസ്‌ ഡോണ്ട്‌ മിസ്‌ അണ്ടര്‍സ്റ്റാന്റ്‌ മീ

അഞ്ഞൂറാനും,മുക്കാലേക്കര്‍ റബ്ബറും!!!

എന്റെ കൂട്ടുകാരില്‍ ഏറ്റവും നിഷ്കളങ്കനായ വ്യക്തി രഞ്ജി എന്ന രഞ്ജിത്താണ്‌.2 കൊല്ലം മുന്‍പ്‌... സമയം ഒരു ഉച്ച-ഉച്ചര ആയിക്കാണും.
വെള്ളം കുടിച്ച്‌(നോ...നോ..പച്ചവെള്ളം) വശം കെട്ട ഞാന്‍ അണ്‍സിപ്പ്‌ ചെയ്യാനായി ഓടുന്ന നേരം.
അന്നത്തെ എന്റെ ഓഫീസിലെ നഴ്സായ** സുനിത(ആസ്‌ യൂഷ്വല്‍ ശരിയായ പേരല്ല)
(** മിക്കവാറും എല്ലാ ഗാര്‍മന്റ്‌ എക്സ്പോര്‍ടിംഗ്‌ യൂണിറ്റുകളിലും ഒരു നഴ്സും,ഇന്ത്യനില്‍ കമല്‍ ഹാസന്‍ ഉപയോഗിക്കുന്ന പോലത്തെ ഒരു 'പുതുപുത്തന്‍' സ്റ്റാന്റേര്‍ഡ്‌ വാനും കാണും,ആംബുലന്‍സായിട്ട്‌.ബാംഗ്ലൂര്‌ വന്ന് കുറച്ച്‌ കാലം കണ്ട മാര്‍വാഡികളുടെയൊക്കെ ആട്ടും തുപ്പുമേല്‍ക്കാനും,തന്തയ്ക്കു വിളി കേള്‍ക്കാനുമുള്ള 'കേസരിയോഗം' എന്റെ ജാതകത്തിലുമുണ്ടായിരുന്നു)
ഓ.കെ...കം ടു ദ പോയിന്റ്‌..
സുനിത എന്നെ വിളിച്ചു..
"മനുഷ്യനു മുട്ടീട്ട്‌ ഓടുമ്പഴാണോടീ ബ്ലഡീ ഫൂളേ പിറകീന്ന് വിളിക്കണെ"-ന്ന് കുറച്ചുറക്കെ പറഞ്ഞ്‌ ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി.
തിരിച്ചു വന്ന് കാര്യം ചോദിച്ചപ്പോ ദേ കെടക്കണൂ ലവള്‍ക്ക്‌ നാണകം...
"ദൈവമേ...കുരിപ്പിന്‌ എന്നോട്‌ വല്ല 'ഇതും'-ണ്ടോ?...പാവത്തുങ്ങള്‍ക്ക്‌ എന്തിനാാാ സൗന്ദര്യം ഇങ്ങനെ വാരിക്കോരി കൊടുക്കണേ...?" എന്നൊക്കെ പടച്ച തമ്പുരാനോട്‌ ബൗദ്ധികപരമായ ഡിസ്കഷന്‍സ്‌ നടത്തിക്കൊണ്ടിരിക്കുമ്പോള്‍
"സുനിത-രഞ്ജിത്ത്‌...നല്ല കോമ്പിനേഷനാ-ല്ലേടാ"-ന്നൊരു ചോദ്യം
ഓ!റൂട്ട്‌ അങ്ങടാണ്‌...ബെസ്റ്റ്‌...ബെസ്റ്റ്‌ വെറുതെയല്ല കൊച്ചുകള്ളി ചുള്ളനെ കാണുമ്പഴൊക്കെ 'അബ്കാരിയില്‍ അനുരാധ മമ്മൂട്ടിയെ നോക്കുന്ന പോലെ, 'ഈറ്റ'യില്‍ ഷീല കമല്‍ ഹാസനെ നോക്കുന്ന പോലെ നോക്കി ചോര കുടിക്കണതല്ലേ???
പിന്നെ ഒരു 15 മിനിറ്റ്‌ നല്ല പൈങ്കിളിയുടെ അനര്‍ഗള നിര്‍ഗള പ്രവാഹം.ഒടുക്കം Buy 1 Get 1 free എന്ന മട്ടില്‍ ഒരു വാഗ്ദാനോം:
"ഓളെ കല്യാണം കഴിച്ചാല്‍ 3/4 ഏക്കര്‍ റബ്ബര്‍ തോട്ടോം,നല്ല കിണ്ണം കാച്ചിയ ഒരു പുകപ്പുരേം ഫ്രീ
വൗ!വാട്ട്‌ ആന്‍ ഓഫര്‍!!!
ഓ.കെ നല്ലൊരു കാര്യമല്ലേ-ന്നു കരുതി ഞാനാ ദൗത്യം ഏറ്റെടുത്തു...പച്ചമലയാളത്തില്‍ പറയ്‌വാണെങ്കില്‍ മൂന്നാന്‍.
ലഞ്ച്‌ കഴിക്കുമ്പഴാണ്‌ രഞ്ജിയോട്‌ കാര്യം അവതരിപ്പിച്ചത്‌.ചോറുരുള നെറുകയില്‍ കുടുങ്ങിയ ഭാവത്തില്‍ അവനെന്നെ ഒരു നോട്ടം!
പിന്നെ 'ഗോഡ്‌ഫാദറില്‍' മുകേഷ്‌ കനകയോട്‌ പറയുന്ന് പോലെ ഒരു ഡയലോഗും
"അവളാരാ എന്നെ പ്രേമിക്കാന്‍?എന്നെയാരും പ്രേമിക്കണ്ടാ"
തൊട്ടുപിന്നാലെ ഒരു എഫക്റ്റിനു വേണ്ടി ഒരു പരപ്പ്‌ തെറി.
(ആ തെറിയെങ്ങാന്‍ ഞാനിവിടെ എഴുതിയാല്‍,പത്മപ്രിയേടെ കരണഠടിച്ച സംവിധായകനെ നടികര്‍സംഘം ചെയ്തതു പോലെ എന്നേം ബൂലോകര്‍ വിലക്കും...എന്തിനാ വെറുതെ???)
എനി ഹൗ ഫുഡ്ഡടി നിര്‍ത്തി ആശാന്‍ നേരെ ഡിസ്പെന്‍സറിയില്‍ പോയി Indirect speech-ല്‍ എന്നോട്‌ പറഞ്ഞ കാര്യങ്ങള്‍ direct speech -ല്‍ അവളോട്‌ പറയുകയും,വിവരങ്ങള്‍ അറിഞ്ഞ G.M, 2 പേരെയും വിളിച്ച്‌ രഞ്ജിയോട്‌ മേലാല്‍ നിയമസഭയില്‍ പെരുമാറുന്നതു പോലെ ഓഫീസില്‍ പെരുമാറിയാല്‍,പുറം പണിക്ക്‌ വരുന്ന നാണിയേടത്തി തുണിയലക്കുന്നതു പോലെ കാലേല്‍ പിടിച്ച്‌ നിലത്തലക്കുമെന്നും, അവളോട്‌ പ്രേമം കരകവിഞ്ഞൊഴുകുകയാണെങ്കില്‍,കര്‍ണാടക-തമിഴ്‌നാട്‌ പ്രശ്നം തീര്‍ക്കാന്‍ ഉപയോഗിക്കാമെന്ന് വളരെ ഗ്രാമ്യമായ ഭാഷയില്‍ പറയുകയും ചെയ്യുന്നതാണ്‌ അടുത്ത സീന്‍.
എന്തായാലും രഞ്ജിയോടും,G.M-നോടുമുള്ള പ്രതികാരവാഞ്ച മൂലമാണ്‌ അവള്‍ പഴുത്ത പനമ്പഴത്തിന്റെ നിറമുള്ള ഒരു കന്നഡക്കാരനെ കല്യാണം കഴിച്ചതെന്നും,ടിയാനിപ്പോള്‍ചുട്ടിത്തോര്‍ത്തുമുടുത്ത്‌,തലയില്‍ ഹെഡ്‌ലൈറ്റും പിടിപ്പിച്ച്‌ ഹൈറേഞ്ചിലുള്ള ഏതോ ഒരു മുക്കാലേക്കര്‍ റബ്ബര്‍ത്തോട്ടത്തില്‍പുലര്‍ച്ചെ റബ്ബര്‍വെട്ടിനിറങ്ങുന്നതത്രേ...
സത്യാണോന്ന് ആര്‍ക്കറിയാം???

Monday, November 26, 2007

നീന്തല്‍ക്കാരന്‍ അനി!!!

രാമേട്ടന്റെ മൂത്തമകന്‍ അനിയും,അനിയന്‍ അരുണിനെപ്പോലെ ഒന്നൊന്നര പുലിയാണ്‌.
ഈ പറയാന്‍ പോകുന്നത്‌ ഗഡീടെ വിശാലമായ ലൈഫില്‍ നിന്നും ചീന്തിയെടുത്ത ഒരേടു മാത്രം...
ഒരു കാലത്ത്‌ സ്ഥിരമായി ലേറ്റ്‌ ഈവനിംഗ്‌ ടൈമില്‍ കല്‍പ്പാത്തിപ്പുഴയില്‍ കുളിക്കാന്‍ പോവുന്ന ഒരു ശീലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഈ ടൈമില്‍ കുളിക്കടവ്‌ വേക്കന്റായിരിക്കും എന്നതു ഞങ്ങള്‍ വാളിപ്പിള്ളേര്‌ടെ ഗ്രൂപ്പിന്‌ വല്യ ഒരു അഡ്വാന്റേജായിരുന്നു. ഈ ഞങ്ങളെന്നു വെച്ചാല്‍ ഞാന്‍,അനി,അനീഷ്‌,സ്മിതേഷ്‌,സുഗുണന്‍.
ചെളിക്കണ്ടത്തില്‍ ഫുള്‍ബോഡി സെര്‍വീസിംഗിനു കിടക്കുന്ന പോത്തുകളെ പോലെ,പുഴയില്‍ കിടന്നിട്ടാണു ഞങ്ങളുടെ ഫ്യൂച്ചര്‍ പ്ലാനിംഗ്സ്‌...
പ്ലാനിംഗ്സ്‌-ന്ന് വെച്ചാല്‍ അങ്ങിനെ കാര്യമായിട്ടൊന്നൂല്ല്യാ ശിവന്‍ കോവിലിനടുത്തുള്ള അംബിസാമീടെ മോള്‌ ശുഭലക്ഷ്മീടെ പുതിയ ഹെയര്‍സ്റ്റെയിലിനെക്കുറിച്ചും,അടുത്തു നടക്കാന്‍ പോകുന്ന ഉത്സവങ്ങള്‍ക്ക്‌ പോകുമ്പോള്‍ കഴിക്കേണ്ട ബ്രാന്റുകളെ കുറിച്ചും ഒക്കെയാണ്‌.
ഒരു ഞായറാഴ്ച അനീഷ്‌ ഒഴികെയുള്ള ഞങ്ങള്‍ നാല്‌വര്‍ സംഘം പതിവു പോലെ കുളിക്കാനിറങ്ങി.
"ടാാാ പൂൂൂൂൂയ്യ്യ്യ്യ്യ്‌"-ന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരമേയുള്ളൂ ശേഖരീപുരത്തു നിന്ന് പുഴക്കടവിലേക്കെങ്കിലും,ബൈക്കില്ലാതെ പോകുന്നതിനെപ്പറ്റി ഞങ്ങള്‍ക്കാലോചിക്കാനേ വയ്യ.
ഒന്നുമില്ലെങ്കിലും കല്‍പ്പാത്തി അഗ്രഹാരത്തിലെ പാവം ക്‌ടാങ്ങള്‍ എന്തു വിചാരിക്കും???
ഞാനും അനിയും കുണ്ടമ്പലത്തിനടുത്തുള്ള കടേന്ന് സിഗററ്റ്‌ വാങ്ങാന്‍ വണ്ടി നിര്‍ത്തി,സ്മിതേഷും,സുഗുണനും വിട്ടു പോവ്വ്വേം ചെയ്തു.
സിഗററ്റൊക്കെ വാങ്ങി കടവിലെത്തിയ ഞങ്ങള്‍ കാണുന്നത്‌ കഴുത്തറ്റം വെള്ളത്തില്‍ കിടന്നു ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്മിതേഷിനേയും,സുഗുണനേയുമാണ്‌...
അനിയുടെ ഉള്ളിലെ ആ നീന്തല്‍ താരം സട കുടഞ്ഞെഴുന്നേറ്റത്‌ പെട്ടെന്നായിരുന്നു.
ഞാന്‍ ബൈക്ക്‌ സ്റ്റാന്റിലിടുന്ന സമയം കൊണ്ട്‌ അനി വന്ദനത്തിലെ ജഗദീഷിനെ പോലെ വെള്ളത്തിലേക്ക്‌ ഡൈവ്‌ ചെയ്തു കഴിഞ്ഞു.
"എന്റമ്മേ........." എന്നൊരു ശബ്ദം കേട്ടത്‌ സെക്കന്റുകള്‍ക്കുള്ളിലാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ പറ്റും.
മുട്ടറ്റംവെള്ളത്തില്‍ നിന്നും മുഖവും,മുട്ടും,പൊട്ടി ചാടിയെണീറ്റ അനി സ്മിതേഷിനേയും,സുഗുണനേയും നോക്കി അലറി:
"കള്ള ഡാഷ്‌ മക്കളേ,വെള്ളത്തില്‍ ചാടണ സമയഠെങ്കിലും പറഞ്ഞൂടേടാാാ വെള്ളത്തില്‍ കുത്തിയിരിക്ക്യാണെന്ന്???"

Friday, November 23, 2007

അര്‍ണോള്‍ഡും ഞാനും!!!

ടീനേജില്‍ എല്ലാവരേം പോലെ മ്മക്കും ഒരു ആഗ്രഹം തോന്നി "ഇനി കൊറച്ച്‌ മസിലൊക്കെ ആയാലെന്താാാാ കൊഴപ്പം-ന്ന്"
ഒട്ടും വൈകീല്യാ ശെല്വ്‌ഏട്ടന്റെ പവര്‍ ജിമ്മില്‌ പോയി ചേര്‍ന്നു.
"സല്‍മാന്‍ഖാന്റെ അത്രേം മസില്‌ വന്നില്ലെങ്കിലും മ്മടെ അര്‍ണോള്‍ഡിന്റെ അത്രയെങ്കിലുമായാല്‍ മതി ശെല്വ്‌ഏട്ടാ"-ന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മൂപ്പര്‌ എന്നെ നോക്കിയ നോട്ടത്തിന്റെ അര്‍ത്ഥം ഇപ്പഴും എനിക്ക്‌ പിടികിട്ടീട്ടില്ല്യ.
കാര്യങ്ങളൊക്കെ അതിന്റെ മുറയ്ക്കു നടക്കുണുണ്ടെങ്കിലും നമ്മള്‌ വിചാരിച്ച ഇംപ്രൂവ്മെന്റൊന്നും കാണണില്യ.
കാരണം ഒരാഴ്ചയായിട്ടും മൂപ്പര്‌ ഫ്രീ എക്സര്‍സൈസില്‌ തന്നെ നിന്ന് കളിക്ക്യാ...ഡംബെല്ല്,ഗദ,വെയിറ്റ്‌ ഇമ്മാതിരി ഐറ്റംസ്‌ ഒന്നും തൊടീക്കിണില്ല്യ...
"ഇങ്ങിനെ പോയാല്‍ ഞാനെന്നാ അര്‍ണോള്‍ഡിന്റെ അത്രേം ആവ്വ്വാ എന്റെ ഹനുമാന്‍ സ്വാമീ"-ന്ന് ആലോചിച്ച്‌ ഞാന്‍ ശെല്വ്‌ഏട്ടനോട്‌ കാര്യം സൂചിപ്പിച്ചെങ്കിലും കിംഫലം.
ഒടുക്കം എന്റെ ശല്യം സഹിക്കാന്‍ വയ്യാതെ
"ശരി നമ്മക്കിന്ന് 'ബെഞ്ച്പ്രെസ്സ്‌' പഠിക്കാം" -ന്ന് പറഞ്ഞത്‌ എനിക്കുള്ള ഒരു പണിയാണെന്ന് എന്റെ ശുദ്‌ധമനസിന്‌ മനസിലായില്ല.
ഞാന്‍ ഏഷ്യാഡിലെ വെയിറ്റ്‌ലിഫ്റ്റേസൊക്കെ പോണ പോലെ അങ്ങ്‌ട്‌ പോയി കെടന്നു.
ദുഷ്ടന്‍ ഒരു വല്യ ഇരുമ്പ്‌ ബാറിന്റെ രണ്ടറ്റത്തും ഏകദേശം എന്റത്രേം വെയിറ്റിട്ട്‌ എന്റെ കയ്യിലേക്കങ്ങ്‌ട്‌ തന്നു.
"എന്റെ കളരി പരമ്പരദൈവങ്ങളേ...."അമ്മച്ചിയാണെ അതൊരു ചെയ്ത്തായിരുന്നൂ-ന്ന് എനിക്കാ സെക്കന്റിലാണ്‌ മനസിലായത്‌....
എന്റെ കണ്ണിന്റെ മുമ്പില്‌ ഈ 'പൊന്നീച്ച....പൊന്നീച്ച എന്നു പറയണ ആ ഐറ്റം ങ്ങനെ പറന്നു നടക്കണ ഒരു ഫീലിംഗ്‌...
ആ ഗ്യാപ്പിലും ഞാനെങ്ങാന്‍ മരിച്ചു പോയാല്‍ എന്റെ അച്ഛനുമമ്മയും അനാഥരാവ്വ്വല്ലോ എന്ന ഒരു ചിന്ത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു
"ഇവനൊരു രക്തസാക്ഷിയാവും-ന്ന് മനസിലാക്കിയ ശെല്വ്‌ഏട്ടന്‍ വേഗം വെയിറ്റ്‌ തിര്‍ച്ചു വാങ്ങിച്ചു.ന്ന്ട്ട്‌ ഒരു ചോദ്യോം:
"വേണെങ്കില്‍ അപ്രത്തും,ഇപ്രത്തും പത്തിന്റെ ഓരോന്ന് കൂടി കേറ്റീട്ട്‌ ഒരു സെറ്റും കൂടി അലക്കടാ???"
സത്യമായിട്ടും എന്റെ കയ്യില്‍ ഒരു തോക്ക്‌ കിട്ടിയിരുന്നെങ്കില്‍ കാലമാടന്റെ പണി അന്ന് തീര്‍ത്തേനേ...മദര്‍ പ്രോമിസ്‌!!!

Thursday, November 22, 2007

വൈത്തിരിയിലെ "ഡിങ്കന്‍"!!!

ഊര്‌ ചുറ്റുന്ന സ്വഭാവം കലശലായിട്ട്ള്ളതു കാരണം,ഇടയ്ക്കൊക്കെ ഞാന്‍ സാജന്റെ കൂടെ വൈത്തിരിയിലെ അവന്റെ വീട്ടില്‍ പോവാറുണ്ട്‌.
അങ്ങിനെ ഒരിയ്ക്കല്‍ ചെന്ന്‌പെട്ടപ്പഴാണ്‌ അവിടെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം.ഞാന്‍ നേരത്തെ പറഞ്ഞിട്ട്ള്ളതു പോലെ,ചെണ്ടപ്പുറത്ത്‌ കോലു വെയ്ക്കും മുമ്പെ ആ ഏരിയേല്‌ ണ്ടാവ്വ്വാ-ന്ന്ള്ളത്‌ ഒരു ഹാബിറ്റ്‌ ആയതോണ്ട്‌ നമ്മളവിടെ എത്തി.
എഴുന്നള്ളത്തൊക്കെ നല്ല ഉഷാറായിട്ട്‌ കഴിഞ്ഞു.ഞാനും സാജനും കല്‍പ്പറ്റ പങ്കജ്‌ ബാറീന്ന് രണ്ടെണ്ണം വിട്ട്‌ വന്ന് കിടന്നുറങ്ങി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ സത്യമായിട്ടും എനിക്കറിയില്ലായിരുന്നു "നാളെ ഞാനൊരു പ്രസ്ഥാനത്തിനെ പരിചയപ്പെടും-ന്ന്."
പിറ്റേന്ന് നേരം വെളുത്തപ്പഴേ ഇറങ്ങി,ഊരുതെണ്ടാന്‍.
ഫ്രാന്‍സിസ്സേട്ടന്റെ ചായക്കടേടെ മുമ്പില്‍ എത്തിയപ്പോള്‍ സാജന്‍ ഓടി ചായക്കടേല്‍ കേറി ഒരു ചായ അങ്ങ്‌ട്‌ വാങ്ങി.
"ദുഷ്ടന്‍...ഒറ്റയ്ക്ക്‌ ചായ കുടിക്ക്യാ???വയറെളകി പണ്ടാറടങ്ങട്ടെ"-ന്ന് പ്രാകാന്‍ തുടങ്ങിയപ്പോ-ണ്ട്‌ ദേ ശവി വേറൊരു ടീമിന്‌ ചായഗ്ലാസ്സ്‌ കൈമാറ്‌ണൂ.ഒപ്പം ഒരു ഡയലോഗും:
"പാപ്പച്ചന്‍ ചേട്ടാ,ചായ ചൂടായിട്ടങ്ങ്‌ട്‌ കുടിക്ക്‌"
ഹൗ എന്തൊരു സ്നേഹം!!!
ഒരേ പായേല്‌ക്കെടന്ന്,ഒരേ ഗ്ലാസില്‍ വെള്ളമടിച്ച്‌,ഒരേ സിഗററ്റ്‌ ഷെയര്‍ ചെയ്ത്‌ വലിക്കണ എന്നോട്‌ "വേണെങ്കില്‍ എടുത്തു മോന്തെടാ"-ന്നേ പിശാശ്‌ പറയാറ്‌ള്ളൂ...
ഇനി ഇയാള്‍-ടെ മോളെയെങ്ങാനും കുരിപ്പ്‌ ലൈനടിക്ക്‌ണ്ടോ ആവോ?
ഞാനും ഒരു 'വെള്ളം കമ്മി,സ്ട്രോങ്ങ്‌' വാങ്ങി അടുത്തിരുന്നു.
"ന്ന്‌ട്ട്‌...ഉത്സവൊക്കെ എങ്ങനെ-ണ്ടായിര്‌ന്നു???"
പാപ്പച്ചന്‍ ചേട്ടന്‍ ഫുള്‍ടാങ്ക്‌ ഡീസലടിച്ച 407 പോലെ ഉഷാറായി.
"എന്റെ മോനേ ഒന്നും പറയണ്ടടാ.ഇന്നലെ എഴുന്നള്ളിപ്പിന്റെ ഒപ്പം ങ്ങനെ നടന്നോണ്ടിരിക്ക്യാ.പിള്ളേര്‍ക്ക്‌ കൊടുക്കാന്‍ കൊറച്ച്‌ കരിമ്പ്‌ വാങ്ങീട്ട്‌ണ്ട്‌.പഴയവൈത്തിരി എത്തിയതും കയ്യിലെ കരിമ്പ്‌ ആരോ പിടിച്ച്‌ വലിക്ക്‌ണൂന്നേ...
ഞാന്‍ മെല്ലെ തിരിഞ്ഞു നോക്ക്യപ്പോ എഴുന്നള്ളത്തിനു കൊണ്ടു വന്ന ആന...ഞാന്‍ പിടിയങ്ങ്‌ട്‌ മുറുക്ക്യപ്പോ ആന വലിക്കണ ആയോം കൂട്ടി.കൊറച്ച്‌ നേരം ഇതങ്ങ്‌ട്‌ നടന്നൂ.പിന്നെ ആന കരിമ്പങ്ങ്‌ട്‌ വലിച്ചപ്പോ ഞാന്‍ കരിമ്പങ്ങ്‌ട്‌ വിട്ടു"
വളരെ നാടകീയമായ ഒരു ബ്രേക്ക്‌.
"ന്ന്‌ട്ട്‌??" ഞാന്‍ അറിയാതെ ചോദിച്ചു പോയി.
മൂപ്പര്‌ എന്നെ 'ലവനാരെടേയ്‌'-ന്ന്‌ള്ള മട്ടിലൊരു നോട്ടം.
"ന്ന്‌ട്ടെന്താവാനാ???ആന ചന്തീം കുത്തി വീണു"
ഞാന്‍ ബാലമംഗളത്തിലെ 'ഡിങ്കനെ' നേരില്‍ കണ്ട പോലെ അന്തം വിട്ട്‌ നോക്കി നിന്നു